ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ കുരുതിക്കളമാക്കാൻ പോർവിളിയുമായി സിപിഎമ്മും ബി.ജെ.പിയും രംഗത്ത്. വിശ്വാസികളുടെ നിഴലിൽ സംസ്ഥാനത്ത് രാഷ്ട്രീയ ചുവടുറപ്പിക്കാൻ വിധിയെ ആദ്യം സ്വാഗതം ചെയ്ത ബി.ജെ.പി ചുവടുമാറ്റി രംഗത്ത് വരുമ്പോൾ ഇതിനെ പ്രതിരോധിക്കാൻ സി.പി.എമ്മും തയ്യാറെടുക്കുന്നതോടെ സി.പി.എം – ബി.ജെ.പി പോർവിളികളുടെ വിളഭൂമിയായി മാറിയ കണ്ണൂർ മോഡലാണ് ശബരിമല വിഷയത്തിൽ പ്രതിഫലിക്കുന്നത്.
വിശ്വാസികൾക്ക് വേണ്ടി രംഗത്തിറങ്ങാനും വിധിക്കെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങൾക്കെതിരെ കണ്ണടയ്ക്കാനും ആദ്യഘട്ടത്തിൽ തയ്യാറായ ബി.ജെ.പി – ആർ.എസ്.എസ് നേതൃത്വം പിന്നീട് ചുവടുമാറ്റുകയായിരുന്നു. ഇതിപ്പോൾ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ ചക്കളത്തിപോരാട്ടമായി മാറിക്കഴിഞ്ഞു. എൻ.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകൾ നേതൃത്വം കൊടുത്തു നടത്തിയ നാമജപസമരത്തെ ഹൈജാക്ക് ചെയ്യാനാണ് ബി.ജെ.പിയും ആർ.എസ്.എസും ഇപ്പോൾ ശ്രമിക്കുന്നത്.
ഇതിന്‍റെ ഭാഗമായി കണ്ണൂരിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ശബരിമല യുവതി പ്രവേശന വിഷയത്തെ രാഷ്ട്രീയ ലാക്കോടെയാണ് സമീപിച്ചിരിക്കുന്നത്. സിപിഎമ്മിനും പിണറായി വിജയനുമെതിരെ പ്രകോപനം സൃഷ്ടിക്കുന്ന പ്രസംഗം നടത്തിയ അമിത് ഷാ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുമെന്നു പറഞ്ഞതും ഇതിന്‍റെ ഭാഗമായാണ്. എന്നാൽ അമിത്ഷാ നടത്തിയ പ്രസംഗത്തിനു പിന്നാലെ ബിജെപിക്കു മറുപടി നൽകിയും അമിത്ഷായെ രാഷ്ട്രീയമായി കടന്നാക്രമിച്ചും പിണറായി വിജയനും രംഗത്തു വന്നു.
ഇതോടെ സി.പി.എമ്മും ബി.ജെ.പിയും കണ്ണൂരിൽ നടത്തുന്ന കൈയ്യാങ്കളി രാഷ്ട്രീയം സംസ്ഥാനമാകെ പടർത്താനുള്ള ശ്രമമാണ് നടത്തുന്നത്. വിശ്വാസത്തിന്‍റെ മറവിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള നീക്കം നടത്തുന്ന സംഘപരിവാർ – ബി.ജെ.പി -സി.പി.എം അനുകൂലികൾ ശബരിമല വിഷയത്തെ ആയുധമാക്കുന്നതോടെ വിശ്വാസികളും ആശങ്കയിലാണ്.
കേരളത്തിന്‍റെ സമാധാന അന്തരീക്ഷത്തെ ഇല്ലായ്മ ചെയ്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സി.പി.എം – ബിജെപി നീക്കം വരും നാളുകളിൽ കേരളത്തെ കലാപകലുഷിതമാക്കും. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള കോൺഗ്രസും യുഡിഎഫും സമാധാനപൂർണ്ണമായ സമരം നയിക്കുമ്പോഴാണ് രാഷ്ട്രീയ പോർവിളികളുമായി സിപിഎമ്മും ബിജെപിയും രംഗത്തുവന്നിട്ടുള്ളത്.