ആരോപണങ്ങളുടെ കൂമ്പാരമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി; സിപിഎമ്മിനുള്ളില്‍ കടുത്ത അമർഷം

Jaihind News Bureau
Saturday, July 11, 2020

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം വന്നതിൽ സിപിഎമ്മിനുള്ളിലും അമർഷം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആരോപണങ്ങൾ സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചു എന്ന വിലയിരുത്തലാണ് ചില നേതാക്കൾക്ക്. അതേ സമയം    മുഖ്യമന്ത്രിയുടെ മേൽ ഒരു വിധ നിയന്ത്രണങ്ങളും പാർട്ടിക്ക് ഇല്ല എന്ന വിമർശനവും ഉയരുണ്ട്. ഉപദേശകരുടെ വൻ നിര ഉണ്ടായിട്ടും ആരോപണങ്ങളുടെ കൂമ്പാരമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി എന്ന പരാതി പാർട്ടി അണികളിൽ തന്നെ ശക്തമാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ രൂപപ്പെട്ടിരുന്ന ഉപജാപക സംഘത്തെ  മാറ്റി നിർത്താൻ പാർട്ടി നേതൃത്വത്തിന് കഴിയാത്ത സാഹചര്യമാണ്. സിപിഎമ്മിനുള്ളിൽ സർക്കാരിനെതിരെ ഇപ്പോഴുള്ള ആക്ഷേപങ്ങളിൽ പലർക്കും ഭിന്നത ഉണ്ട്. ഐ ടി സെക്രട്ടറിയുടെ കാര്യത്തിൽ ഇത്തവണയും ജാഗ്രത കുറവുണ്ടായെന്നാണ് വിലയിരുത്തൽ. നേരത്തെ സ്പ്രിങ്ക്ളർ വിഷയത്തിലും ഐ ടി സെക്രട്ടറിയുടെ നിലപാട് സർക്കാരിനെ വെട്ടിലാക്കിരുന്നു.

ഭരണം ഇഴയുന്നു, ഫയല്‍ നീക്കത്തിനു വേഗം പോര, പൊലീസിനുമേല്‍ നിയന്ത്രണമില്ല, ഉദ്യോഗസ്ഥരുടെ ശീതയുദ്ധം തുടങ്ങി സര്‍ക്കാരിനെതിരായ നിരവധി ആരോപണങ്ങൾ ഉയർന്ന സാചര്യത്തിലാണ് കൊവിഡ് പശ്ചാത്തലത്തിലെ അഴിമതി ആരോപണങ്ങൾ കൂടി പുറത്തുവരുന്നത്. ഐ.എ.എസ്. ഉദ്യോഗസ്ഥരുടെയും ചില ഉപദേഷ്ടാക്കളുടെയും നിയന്ത്രണത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാണ് പൊതുവെ ഉള്ള വിമർശനം. മറ്റുമന്ത്രി മാരുടെ വകുപ്പുകൾ പോലും അറിയാത്ത മുഖ്യമന്ത്രി തീരുമാനം എടുക്കുന്നതിൽ മന്ത്രിമാർക്കും അമർഷം ഉണ്ട്.

ഇതിനൊക്കെ അറുതിവരുത്താന്‍ പാർട്ടി ഒരുങ്ങുന്നതായാണ് സൂചന. എന്നാൽ സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങൾ തെളിവ് സഹിതം പുറത്ത് വന്നതോടെ ഇപ്പോൾ പാർട്ടിയും സർക്കാരും പ്രതിരോധത്തിൽ ആയി. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ സിപിഐയും വിമർശനുവായി സജീവമാകുന്നത്. സർക്കാരിനെതിരെ കൂടുതൽ അഴിമതി ആരോപണങ്ങൾ വരുന്നത് തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇടതുമുന്നണിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്.