സിപിഎം പ്രവർത്തകന്‍റെ കൊലപാതകം: നാല് പ്രതികള്‍ പിടിയില്‍; തിരുവല്ലയില്‍ ഇന്ന് ഹർത്താല്‍

Jaihind Webdesk
Friday, December 3, 2021

പത്തനംതിട്ട : തിരുവല്ലയിൽ സിപിഎം പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ 4 പ്രതികളെ പോലീസ് പിടികൂടി.
പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പിബി സന്ദീപ് കുമാറിനെയാണ് വെട്ടിക്കൊന്നത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ അഞ്ചംഗ സംഘമാണ് സന്ദീപിനെ കൊലപ്പെടുത്തിയത്.
ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പസമയത്തിനകം മരണം സ്ഥിരീകരിച്ചു. കൊലപാതകത്തിൽ 5 പ്രതികളാണുള്ളത്. ഇതിൽ 4 പേരെ കസ്റ്റഡിയിൽ എടുത്തു. ചാത്തങ്കേരി സ്വദേശി ജിഷ്ണു , പായിപ്പാട് സ്വദേശി പ്രമോദ്, വേങ്ങൽ സ്വദേശി നന്ദു, കണ്ണൂർ സ്വദേശി ഫൈസി എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. ജിഷ്ണു യുവമോർച്ചയുടെ മുൻ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. അഞ്ചാമൻ വേങ്ങൽ സ്വദേശി അഭിക്കായി പൊലീസ് തെരച്ചിൽ തുടരുന്നു.

വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഇന്ന് തിരുവല്ല താലൂക്കിലും സമീപത്തെ രണ്ടു പഞ്ചായത്തുകളിലും സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം പ്രതി ജിഷ്ണുവുമായി ജെയിലിൽ വെച്ചുള്ള പരിചയമാണ് കണ്ണൂർ സ്വദേശി ഫൈസലിന് ഉള്ളത്. പിടിയിലായ പ്രതികളെ പുളിക്കീഴ് സ്റ്റേഷനിലെത്തിച്ച് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു.