സി.പി.എം പ്രവര്‍ത്തകര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു | വീഡിയോ

Jaihind Webdesk
Monday, April 29, 2019

CPM-Abduction

കണ്ണൂർ ചക്കരക്കല്ലിൽ യുവാവിനെ സി.പി.എം പ്രവര്‍ത്തകര്‍ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന് പരാതി. യുവതിയെ ഫോൺ വിളിച്ചെന്നാരോപിച്ച് ഇരിവേരി സ്വദേശി വി സാജിദിനെയാണ് ഏഴംഗ സംഘം മർദിച്ചത്. ഇയാളുടെ പരാതിയിൽ ചക്കരക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കാറിലെത്തിയ മൂന്നംഗ സംഘമാണ് സാജിദിനെ വീട്ടിൽനിന്ന് ബലമായി പിടികൂടി കാറിൽ തട്ടികൊണ്ടു പോയത്. രണ്ടു കിലോമീറ്റർ അകലെയുള്ള വണ്ണാംകണ്ടി സലാമിന്‍റെ വീട്ടിലെത്തിച്ച് സംഘം ചേർന്ന് മർദ്ദിച്ചു. മരക്കഷണവും, ഇരുമ്പ് പൈപ്പും , ബെൽറ്റുമെല്ലാം ഉപയോഗിച്ച് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.

സി.പി.എം പ്രവർത്തകനായ വണ്ണാൻ കണ്ടി സലാമിന്‍റെ നേതൃത്വത്തിലാണ് തട്ടികൊണ്ടു പോയി മർദ്ദിച്ചത്.സക്കീൽ, ഇർഷാദ്, ഷാമിൽ, അബ്ദുസലാം, റിഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. ഇവരെല്ലാം സി.പി.എം പ്രവർത്തകരാണ്. മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സാജിദിന്‍റെ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് അയച്ചുനൽകുകയും ചെയ്തു. തുടർന്ന് രാത്രി ഒൻപത് മണിയോടെ റോഡിലിറക്കി വിടുകയായിരുന്നു.

എന്നാൽ യുവതിയെ അബദ്ധത്തിൽ ഫോൺ വിളിച്ചതാണെന്നാണ് സാജിദ് പറയുന്നത്. പളളിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വ്യക്തി വൈരാഗ്യവും മർദനത്തിന് കാരണമായെന്ന് സാജിദ് പറയുന്നു. സി.പി.എം നേതൃത്വത്തിന്‍റെ സമർദ്ദത്തെ തുടർന്ന് പൊലീസ് ആദ്യം കേസെടുക്കാൻ തയാറായില്ലെന്നും ആക്ഷേപമുണ്ട്.