‘ജയിച്ചാൽ കൊന്നുകളയും’ ; കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥിക്ക് സിപിഎം പ്രവർത്തകന്‍റെ വധഭീഷണി

Jaihind News Bureau
Monday, December 7, 2020

 

കണ്ണൂർ :  ന്യൂമാഹി പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് സിപിഎം പ്രവർത്തകന്‍റെ വധഭീഷണി. ന്യൂമാഹി പഞ്ചായത്ത് ഏഴാം വാർഡിൽ മത്സരിക്കുന്ന ശ്രീജിത്ത് യു .കെയ്ക്ക് നേരെയാണ് സിപിഎം പ്രവർത്തകനായ പണിക്കാണ്ടി റിനി ഭീഷണി മുഴക്കിയത്. ജയിച്ചാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ശ്രീജിത്തിന്‍റെ ഭാര്യയെ ഫോണിൽ വിളിച്ചാണ് വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ ശ്രീജിത്തിന്‍റെ ഭാര്യ റീമ പൊലീസിൽ പരാതി നൽകി.

പ്രചാരണ ബോർഡ് സ്ഥാപിച്ചതിന് പിണറായി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ കഴിഞ്ഞദിവസം സിപിഎം പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു. സംഭവത്തില്‍ സിപിഎം പ്രവർത്തകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പൊട്ടന്‍പാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനെതിരെയാണ് പിണറായി പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തുകയും പ്രചാരണ ബോര്‍ഡ് എടുത്തുമാറ്റുകയും ചെയ്തുവെന്നായിരുന്നു പരാതി.

പിണറായി പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി മിജു സജീവന്‍റെ പ്രചാരണ ബോര്‍ഡ് അഴിച്ചു മാറ്റാന്‍ ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതുവരെ എല്‍ഡിഎഫ് അല്ലാതെ മറ്റാരും പ്രചാരണ ബോര്‍ഡ് വച്ചിട്ടില്ലെന്നും അഴിച്ചുവച്ചില്ലെങ്കില്‍ നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്നും ശബ്ദരേഖയില്‍ പറയുന്നു.