സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു; പ്രതിയായ പാർട്ടി പ്രവര്‍ത്തകൻ അറസ്റ്റിൽ

Jaihind News Bureau
Wednesday, June 24, 2020

കാസർകോട് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കേളോത്ത് സുശീല ഗോപാലന്‍ നഗര്‍ ബ്രാഞ്ച് സെക്രട്ടറി മണിക്കുട്ടി ബാബു (50) വിനാണ് കുത്തേറ്റത്. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനായ കേളോത്തെ എക്കാല്‍ രാജുവിനെ അറസ്റ്റ് ചെയ്തു. കൊലപാതകശ്രമത്തിനാണ് കേസ്. അമ്പലത്തറ പൊലീസാണ് രാജുവിനെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകീട്ട് ആറരയോടെ മണിക്കുട്ടി ബാബുവിന്‍റെ വീട്ടിലെത്തിയ പ്രതി കൈയില്‍ കരുതിയ കത്തി കൊണ്ട് വയറില്‍ കുത്തുകയായിരുന്നു. പരുക്കേറ്റ മണിക്കുട്ടി ബാബു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നമ്പ്യാറടുക്കാത്ത് പൊതു സ്ഥലം കയ്യേറി രാജു ഉള്‍പ്പെടെ നാലോളം പേര്‍ കെട്ടിയ വീട് അധികൃതര്‍ ഇടപെട്ടു പൊളിച്ചു മാറ്റിയിരുന്നു. ഇതിന് പിന്നില്‍ മണിക്കുട്ടി ബാബു ആണെന്ന് കരുതുന്ന രാജു അതിന്‍റെ പേരിലാകാം അക്രമത്തിന് മുതിർന്നതെന്നാണ് കരുതുന്നത്.