പൊന്ന്യത്ത്  ബോംബ്‌ നിർമ്മാണത്തിൽ പങ്കാളിയായ സിപിഎം പ്രവർത്തകൻ പിടിയില്‍

Jaihind News Bureau
Saturday, September 5, 2020

 

കണ്ണൂർ: പൊന്ന്യത്ത്  ബോംബ്‌ നിർമ്മാണത്തിൽ പങ്കാളിയായ സിപിഎം പ്രവർത്തകൻ പിടിയില്‍. പൊന്ന്യം വെസ്റ്റിലെ അശ്വന്തിനെയാണ് പൊലീസ് പിടികൂടിയത്. സിഒടി നസീർ വധശ്രമക്കേസിലും  ഇയാൾ പ്രതിയാണ്. സ്ഫോടനത്തിൽ പരിക്കേറ്റ മറ്റൊരാളെ കൂടി പൊലീസ് കണ്ടെത്തി. സിപിഎം പ്രവർത്തകനായ സജൂട്ടി എന്ന സജിലേഷിനെയാണ് കണ്ടെത്തിയത്. സ്ഫോടനത്തിൽ പരിക്കേറ്റ ഇയാള്‍ കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിൽ ഉള്ളതായി പൊലീസ് സ്ഥിരീകരിച്ചു.

അതിനിടെ വിവിധ സ്ഥലങ്ങളിലേക്ക് ബോംബുകള്‍ എത്തിക്കുന്നത് പൊന്ന്യത്ത് നിന്നാണെന്ന് പൊലീസിന് വിവരം ലഭിച്ചു. സ്ഫോടനം നടന്ന സ്ഥലത്തു നിന്ന് മൂന്ന് തരം ബോംബുകളാണ് ഇന്നലെ കണ്ടെത്തിയത്. പൊന്ന്യത്തുണ്ടായിരുന്നത് ബോംബ് നിര്‍മിക്കുന്നതിനുള്ള താല്‍ക്കാലിക സംവിധാനമല്ലെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. നിരവധി ചെറിയ ബോംബുകള്‍ പൊന്ന്യത്തുനിന്ന് കടത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.