ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണം സംഘടനാവിരുദ്ധം, വിശദീകരണം തേടും; പ്രതിഭയെ തള്ളി സിപിഎം

Jaihind Webdesk
Tuesday, February 22, 2022

ആലപ്പുഴ: പാർട്ടിക്കുള്ളിലെ വിഭാഗീയത തുറന്നുപറഞ്ഞുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ കായംകുളം എംഎല്‍എ യു പ്രതിഭയെ തള്ളി സിപിഎം.  കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണം  സംഘടനാവിരുദ്ധമാണെന്ന വിലയിരുത്തലിലാണ് സിപിഎം. പ്രതിഭയോട് വിശദീകരണം തേടുമെന്നും ആലപ്പുഴ ജില്ലാ നേതൃത്വം വ്യക്തമാക്കി.

പ്രതിഭയുടെ ആരോപണം വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. പരാതിയുണ്ടെങ്കില്‍ അത് പറയേണ്ടത് പാര്‍ട്ടി വേദിയിലാണ്. പ്രതിഭയുടെ നടപടിയില്‍ വിശദീകരണം തേടുമെന്നും നാസര്‍ പറഞ്ഞു. എന്തെങ്കിലും പരാതികളോ വിമര്‍ശനങ്ങളോ ഉണ്ടെങ്കില്‍ അക്കാര്യം ഉന്നയിക്കേണ്ടത് പാര്‍ട്ടിയിലാണ്. ഇതുവരെ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കാത്ത ഒരുകാര്യം പരസ്യമായി സമൂഹമാധ്യമത്തിലൂടെ ജനങ്ങളെ അറിയിച്ചിരിക്കുകയാണ്. അത് തികച്ചും സംഘടനാവിരുദ്ധമാണ്. വിശദീകരണം ലഭിച്ചതിന് ശേഷം  തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ നാസര്‍ പറഞ്ഞു.

കായംകുളം നിയോജക മണ്ഡലത്തില്‍ വോട്ട് ചോര്‍ച്ചയുണ്ടായെന്നും എന്നാല്‍ ഇത് എങ്ങും ചര്‍ച്ചയായില്ലെന്നുമായിരുന്നു അഡ്വ. യു പ്രതിഭ എംഎല്‍എ ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചത്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല. ഏറ്റവും കൂടുതൽ വോട്ട്ചോർന്നുപോയത് കായംകുളത്ത് നിന്നാണ്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവസമ്മതരായി നടക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ചിലര്‍ക്കെങ്കിലും താന്‍ അപ്രിയയായ സ്ഥാനാര്‍ത്ഥിയായിരുന്നു. കുതന്ത്രം മെനയുന്ന നേതാക്കന്മാർ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ലെന്നും കാലം കണക്ക് തീർക്കാതെ കടന്നുപോകില്ലെന്നും പ്രതിഭ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം യു പ്രതിഭ എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:

നമ്മുടെ പാർക്ക് ജംഗ്ഷൻ പാലം നിർമ്മാണം പുരോഗമിക്കുന്നു.
…കഴിഞ്ഞദിവസംപോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ എന്റെ ശ്രദ്ധയിൽ തന്നിരുന്നു.അത് പരിഹരിച്ചിട്ടുണ്ട്.

ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നൽകുന്നത്എന്നെ കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായ് ചെയ്യും
തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും ഞാൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു….എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു.അഭിമാനകരമായി നമ്മൾക്ക് ജയിക്കാൻ കഴിഞ്ഞു..
ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽ വന്നതുംദുരൂഹമാണ്..ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല..അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല…ഏറ്റവും കൂടുതൽ വോട്ട്ചോർന്നുപോയത് കായംകുളത്തു നിന്നാണ്..
കേരള നിയമസഭയിൽ കായംകുളത്തെ ആണ് അഭിമാനപൂർവം പ്രതിനിധീകരിക്കുന്നത്..
എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു.ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാൻ.2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ്ണ മെമ്പറായിപ്രവർത്തനം ആരംഭിച്ച എനിക്ക് .ഇന്നും എന്നും എന്റെ പാർട്ടിയോട് ഇഷ്ടം..കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല..കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല..