അയോധ്യ പ്രാണപ്രതിഷ്ഠ: അക്ഷതം സ്വീകരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനന്തഗോപന്‍

Jaihind Webdesk
Sunday, January 21, 2024

 

പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായ അഡ്വ. കെ. അനന്തഗോപൻ അയോധ്യ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അക്ഷതം ഏറ്റുവാങ്ങി. അക്ഷതം സ്വീകരിച്ചെന്ന പേരില്‍ മന്ത്രി കെ.ബി. ഗണേഷ്കുമാർ അടക്കമുള്ളവർക്കെതിരെ ഇടത് സൈബർ ഇടങ്ങളിൽ വന്‍ പ്രതിഷേധമാണ് ഉയർന്നത്. ഇതിനുപിന്നാലെയാണ് സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. കെ. അനന്തഗോപൻ   അയോധ്യയില്‍ പൂജിച്ച അക്ഷതം സ്വീകരിക്കുന്നതിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് അനന്തഗോപന്‍ അക്ഷതം സ്വീകരിച്ചത്. വള്ളംകുളം നന്നൂരിലെ അനന്തഗോപന്‍റെ വീട്ടിലെത്തി അയോധ്യ ആഘോഷ സമിതി കൺവീനർ രഘുവരനും സംഘപ്രവർത്തകരും എത്തിയാണ് അക്ഷതം കൈമാറിയത്. ഇതിനൊപ്പം നന്നൂർ ദേവീക്ഷേത്ര സന്നിധിയിൽ പ്രാണപ്രതിഷ്ഠാ ദിനത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിലേക്കുള്ള ക്ഷണപത്രവും ആഘോഷ സമിതി കൺവീനർ രഘുവരൻ അദ്ദേഹത്തിന് കൈമാറി. വിഷയത്തില്‍ സിപിഎമ്മിന്‍റെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിട്ടില്ല.