ശബരിമലയില്‍ പിണറായിയെ സി.പി.എം കൈവിടുന്നു; യുവതീ പ്രവേശനത്തില്‍ ആവേശം വേണ്ട; ക്ഷേത്ര കമ്മിറ്റികളില്‍ സജീവമാകും; തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും പാഠം പഠിക്കും

Jaihind Webdesk
Friday, August 23, 2019

തിരുവനന്തപുരം: വോട്ടിന്റെയും സീറ്റിന്റെയും പേരില്‍ ശബരിമലയില്‍ യുവതീ പ്രവേശന നിലപാടില്‍ നിന്ന് പിന്നാക്കം പോകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി സംസ്ഥാന സമിതി. യുവതീപ്രവേശനത്തില്‍ തല്‍ക്കാലം ആവേശം വേണ്ടെന്നാണ് സിപിഎം സംസ്ഥാനസമിതിയിലെ നിര്‍ദേശം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സിപിഎമ്മിലെ പുതിയ നീക്കം. വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന് ശബരിമല പ്രശ്‌നത്തിലെടുത്ത നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിലാണ് ഇപ്പോള്‍ സി.പി.എം വെള്ളം ചേര്‍ത്തിരിക്കുന്നത്.

വിശ്വാസികളുടെ വികാരം മാനിക്കണമെന്ന നിര്‍ദേശം സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള പ്രാദേശിക ഘടകങ്ങളിലെത്തിക്കും. ആളുകള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കണം. വിശ്വാസികളെയും പാര്‍ട്ടിയ്ക്ക് ഒപ്പം നിര്‍ത്തണം. അതിനായി പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ സജീവമാകണമെന്നും സിപിഎമ്മില്‍ നിര്‍ദേശമുയര്‍ന്നു. നിലവില്‍ കണ്ണൂരിലടക്കമുള്ളത് പോലെ, പ്രാദേശിക തലത്തില്‍ വിശ്വാസികളുമായി കൂടുതല്‍ അടുക്കാന്‍ ക്ഷേത്രസമിതികളില്‍ പ്രവര്‍ത്തകര്‍ അംഗങ്ങളാകുന്നത് നല്ലതാണെന്നും നിര്‍ദേശമുണ്ട്.
പാര്‍ട്ടിയുമായി പ്രവര്‍ത്തകര്‍ അകലുകയാണെന്ന തരത്തിലുള്ള അവസ്ഥയില്‍ മാറ്റമുണ്ടാകണമെന്നും സിപിഎം സംസ്ഥാനസമിതിയില്‍ നിര്‍ദേശമുയര്‍ന്നു.
എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട ഈ നിലപാട് മാറ്റവും മയപ്പെടുത്തലും, തെറ്റുതിരുത്തല്‍ രേഖയില്‍ ഉള്‍പ്പെടുത്തുമോ എന്നതാണ് കണ്ടറിയേണ്ടത്. രണ്ട് ദിവസമായി നടക്കുന്ന സംസ്ഥാനസമിതി യോഗത്തില്‍ പാര്‍ട്ടിയ്ക്ക് പറ്റിയ പിഴവുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ നിരവധി നിര്‍ദേശങ്ങളുയര്‍ന്നു. മന്ത്രിമാരുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചും പണപ്പിരിവ് നടത്തുന്നതിനെക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി.
സിപിഎം മന്ത്രിമാര്‍ക്കെതിരെ സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. പ്രവര്‍ത്തര്‍ക്ക് പലപ്പോഴും സിപിഎം മന്ത്രിമാരെ കാണാന്‍ കഴിയുന്നില്ല. ചില പ്രവര്‍ത്തകരെ കണ്ടാല്‍ ചില മന്ത്രിമാര്‍ ഒഴിഞ്ഞ് പോകുന്നുവെന്നും സംസ്ഥാന സമിതിയില്‍ ആരോപണമുയര്‍ന്നു. ജില്ലാ കമ്മിറ്റി ശുപാര്‍ശകള്‍ പലപ്പോഴും തഴയുന്നതായും സമിതി നിരീക്ഷിച്ചു. മന്ത്രിമാര്‍ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണമെന്ന് സമിതി തീരുമാനിച്ചിട്ടുണ്ട്.
അതിരുകടക്കുന്ന പാര്‍ട്ടി പിരിവിനെ കുറിച്ചായിരുന്നു മറ്റൊരു വിമര്‍ശനം. പിരിവുകള്‍ പലപ്പോഴും പ്രവര്‍ത്തകര്‍ക്ക് ബാധ്യതയാകുകയാണ്. പിരിവ് കുറക്കണം. ക്വാട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന നിരീക്ഷണം. പാര്‍ട്ടിയും ബഹുജന സംഘടനകളും ഒരെ സമയം പിരിവെടുക്കുന്നത് ഒഴിവാക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.