‘പാർട്ടി നിലപാട് പാർട്ടി പറയും’; എ.കെ. ബാലനെ തള്ളി എം.വി. ഗോവിന്ദന്‍

Jaihind News Bureau
Thursday, January 8, 2026

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് നൽകുമെന്ന എ.കെ. ബാലന്റെ പ്രസ്താവനയെച്ചൊല്ലി സി.പി.ഐ.എമ്മിൽ പരസ്യമായ ചേരിതിരിവ്. പാർട്ടിയുടെ ഔദ്യോഗിക നിലപാട് പാർട്ടി പറയുമെന്നും വികസനവും രാഷ്ട്രീയവുമാണ് ചർച്ച ചെയ്യേണ്ടതെന്നും വ്യക്തമാക്കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസും എ.കെ. ബാലന്റെ പ്രസ്താവനയെ തള്ളി. ഇടതുമുന്നണിക്കോ സി.പി.ഐ.എമ്മിനോ ഇത്തരമൊരു അഭിപ്രായമില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും വ്യക്തമാക്കി. ഇതോടെ പാർട്ടിക്കുള്ളിൽ തന്നെ ബാലൻ ഒറ്റപ്പെടുന്ന സാഹചര്യമാണുണ്ടായത്.

എന്നാൽ, ഈ നിലപാടുകളെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും സി.ഐ.ടി.യു ജനറൽ സെക്രട്ടറിയുമായ എളമരം കരീം രംഗത്തെത്തിയത്. ജമാഅത്തെ ഇസ്‌ലാമി മത തീവ്രവാദ സംഘടനയാണെന്ന് തുറന്നടിച്ച അദ്ദേഹം, എ.കെ. ബാലന്റെ പ്രസ്താവനയ്ക്ക് പിന്നിലെ രാഷ്ട്രീയ ഗൗരവം ഉയർത്തിക്കാട്ടി. പാർട്ടിക്കുള്ളിലെ ഉന്നത നേതാക്കൾക്കിടയിൽ തന്നെ ജമാഅത്തെ ഇസ്‌ലാമി വിഷയത്തിൽ വിഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുവെന്ന് ഇതോടെ വ്യക്തമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ അനാവശ്യമായി പ്രമോട്ട് ചെയ്യാനുള്ള ബാലന്റെ ദുരുദ്ദേശപരമായ നീക്കമാണിതെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി. ചേക്കുട്ടിയുടെ നിരീക്ഷണം.

അതേസമയം, പ്രസ്താവനയ്‌ക്കെതിരെ നിയമനടപടിയുമായി ജമാഅത്തെ ഇസ്‌ലാമി രംഗത്തെത്തിയിട്ടുണ്ട്. മാറാട് കലാപം നടന്ന സമയത്ത് ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തിനൊപ്പമായിരുന്നു എന്ന യാഥാർത്ഥ്യം മറന്നാണ് ബാലൻ വർഗ്ഗീയ പരാമർശം നടത്തുന്നതെന്ന് സംഘടന ആരോപിച്ചു. പ്രസ്താവന പിൻവലിച്ച് ഒരാഴ്ചയ്ക്കകം മാപ്പ് പറഞ്ഞില്ലെങ്കിൽ ക്രിമിനൽ, സിവിൽ കേസുകൾ ഫയൽ ചെയ്യുമെന്ന് കാണിച്ച് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരവും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ മുന്നണിക്കകത്തും പാർട്ടിയിലും ഈ വിഷയം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിടുമെന്ന് ഉറപ്പാണ്.