കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയില്‍ ആര്‍ത്തുല്ലസിക്കുന്ന ‘കെട്ട കനല്‍’; പരിഹാസപാത്രമായി സിപിഎം

 

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിട്ട തിരിച്ചടി ആഘോഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് സിപിഎമ്മാണ്. സൈബറിടങ്ങളിലും അല്ലാതെയും ഇക്കാര്യത്തില്‍ ബിജെപിയെക്കാള്‍ ഉത്സാഹമാണ് സിപിഎമ്മിന്. ഈ ആവേശത്തിന് പിന്നില്‍ ബിജെപിയുടെ വിജയത്തിലുള്ള സന്തോഷമാണെന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. അതേസമയം ആക്ഷേപിക്കാന്‍ മുന്നില്‍ നില്‍ക്കുന്നവർക്ക് പേരെടുത്ത് പറയാന്‍ പോലും ഈ സംസ്ഥാനങ്ങളില്‍ ആരുമില്ല എന്ന വസ്തുത  ചൂണ്ടിക്കാട്ടുമ്പോള്‍ യഥാർത്ഥത്തില്‍ പരിഹാസപാത്രമാകുന്നത് സിപിഎം തന്നെയാണ്.

തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെല്ലാം ശക്തമായ സാന്നിധ്യമായി കോണ്‍ഗ്രസുണ്ട്. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഉള്‍പ്പെടെ എതിരാളികള്‍ക്ക് കടുത്ത പോരാട്ടം കാഴ്ചവെച്ചാണ്  കോണ്‍ഗ്രസ് കീഴടങ്ങിയത്. പിഴവുകള്‍ പരിശോധിച്ച് അവ തിരുത്തി വർധിത വീര്യത്തോടെ മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിനുള്ള കരുത്തും ശേഷിയും കോണ്‍ഗ്രസിനുണ്ട്. കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണെന്നത് വ്യക്തമാണ്. അതേസമയം മത്സരിച്ചിടങ്ങളിലൊന്നും പൊടിപോലും കണ്ടുപിടിക്കാനില്ലെന്നതാണ് സിപിഎമ്മിന്‍റെ അവസ്ഥ. ഉത്തർപ്രദേശിലും മണിപ്പൂരിലും 0.00 ശതമാനമാണ് സിപിഎമ്മിന്‍റെ വോട്ട് ഷെയർ. പഞ്ചാബ് – 0.06%, ഉത്തരാഖണ്ഡ് – 0.04% എന്നിങ്ങനെയാണ് ദയനീയ പ്രകടനം. മിക്ക മണ്ഡലങ്ങളിലും സിപിഎമ്മിന്‍റെ സാന്നിധ്യം നോട്ടയ്ക്കും പിന്നിലാണ്.

അതേസമയം സിപിഎമ്മിന്‍റേത് ബിജെപിയുടെ വിജയത്തിലുള്ള സന്തോഷമാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഹരിപ്പാട് നടന്ന ചടങ്ങിനിടയിലെ മുഖ്യമന്ത്രിയുടെ ആഹ്ലാദപ്രകടനവും ഇതിനോടൊപ്പം ചേർത്തുവായിക്കപ്പെടേണ്ടതാണ്.  കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയില്‍ മോദിയും പിണറായി വിജയനും ഒരുമിച്ച് സന്തോഷിക്കുന്നുവെന്നത് രാജ്യത്തിന്‍റെ മതേതരത്വത്തിനുള്ള അപായ സൂചനയായി കാണണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് മുക്തഭാരതമാണ് ബിജെപിയുടെയും സിപിഎമ്മിന്‍റെയും ലക്ഷ്യം. അതിലേക്ക് എത്താന്‍ കേരളത്തില്‍ ഇരുവരും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ സന്തോഷം പ്രകടമായതെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.

വോട്ട് നേടാനോ സീറ്റ് നേടാനോ കഴിയാത്ത, തെരഞ്ഞെടുപ്പ് ചിത്രത്തിലേ ഇല്ലാത്ത, കേവലം കേരളത്തില്‍ മാത്രം സാന്നിധ്യം അറിയിക്കുന്ന ഒരു പാർട്ടിക്ക് കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ എന്ത് അവകാശമാണെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. ബിജെപി ജയിച്ചാലും കോണ്‍ഗ്രസിന്‍റെ തകര്‍ച്ച കണ്ടാല്‍ മതിയെന്ന ലക്ഷ്യം മാത്രമേ  സിപിഎം നേതാക്കള്‍ക്കുള്ളൂ എന്നത് ഈ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകും. ബിജെപിയുടെ വിജയത്തിലെ സിപിഎമ്മിന്‍റെ അമിതാഹ്ലാദം സമൂഹമാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്.

Comments (0)
Add Comment