ബക്കറ്റില്‍ നിന്ന് ഇന്റര്‍നെറ്റിലേക്ക്: പിരിവിന്റെ പുത്തന്‍ രീതികളുമായി സി.പി.എം; സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തം

Jaihind Webdesk
Saturday, December 15, 2018

തിരുവനന്തപുരം: കാലത്തിനൊത്ത് കോലം മാറ്റി സി.പി.എമ്മിന്റെ പിരിവ്. മുമ്പ് ബക്കറ്റുപിരിവുമായിട്ടായിരുന്നു ജനങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഫണ്ടുപിരിവ് ഓണ്‍ലൈനായിട്ടായിരിക്കും കൊഴുക്കുക. കണ്ടതിനും കേട്ടതിനും ഒക്കെ ബക്കറ്റ് പിരിവു നടത്തുന്ന പാര്‍ട്ടിക്കാരെ കൊണ്ട് വ്യാപാരികളും വീട്ടുകാരും പൊറുതിമുട്ടിയിരിക്കുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ഓണ്‍ലൈനായും സംഭാവന ആവശ്യപ്പെട്ട് സംസ്ഥാന ധനമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ കഴുത്തറപ്പന്‍ ബക്കറ്റ് പിരിവിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ കടുത്ത വിമര്‍ശനമാണുയര്‍ന്നുകൊണ്ടിരുന്നത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ പിരിവ്.സമീപകാലത്ത് ബക്കറ്റ് പിരിവുകളിലൂടെ പാര്‍ട്ടി കോടികളാണു നേടിയത്. പ്രളയദുരിതാശ്വാസത്തിന്റെ പേരിലും അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പേരിലും പാര്‍ട്ടി ബക്കറ്റ് പിരിവ് നടത്തിയിരുന്നു.

കോര്‍പ്പറേറ്റുകളുടെയോ അഴിമതിക്കാരുടെയോ കള്ളക്കടത്തുകാരുടെയോ കൈയില്‍ നിന്ന് ചില്ലിക്കാശുപോലും വാങ്ങില്ലാ എന്നൊക്കെ അവകാശപ്പെട്ടാണ് തോമസ് ഐസക്ക് ഓണ്‍ലൈനായി സംഭാവന ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ പോസ്റ്റിന് താഴെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

‘പണിയില്ല പടപെരുകും നാട്ടില്‍ കമ്പ്യൂട്ടര്‍ എന്തിന് തിന്നാനോ.. എന്നൊക്കെ വിളിച്ചു നടന്നവര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ പിരിവായി എന്നുള്ള പരിഹാസവും കമന്റുകളായി പ്രത്യക്ഷപ്പെടുന്നുണ്ട്’
മുന്‍പ് ആര്‍.എസ്.എസ് നേതാവ് കെ.ടി ജയകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ സുപ്രിം കോടതിയില്‍ നിയമ പോരാട്ടം നടത്താന്‍ സി.പി.എം. മൊകേരി കേസ് ഫണ്ട് പിരിച്ചിരുന്നു. ടി.പി വധവുമായി ബന്ധപ്പെട്ട് പിന്നീട് സംസ്ഥാന തലത്തില്‍ ഡിഫന്‍സ് ഫണ്ടും പാര്‍ട്ടി പിരിച്ചിരുന്നു. എന്തായാലും ഇത്തരം ിരിവിനെതിരേ സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ഉയരുകയാണ്.