തൊഴിലെടുക്കാതെ തൊഴിലുറപ്പ് കൂലി തട്ടിയെടുത്ത് സി.പി.എം അംഗങ്ങള്‍; സത്യ പ്രതിജ്ഞാ ലംഘനവും ക്രിമിനല്‍ കുറ്റവുമെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Thursday, November 7, 2019

വര്‍ക്കല: മണമ്പൂര്‍ ഗ്രാമ പഞ്ചായത്തില്‍ തൊഴിലെടുക്കാതെ തൊഴിലുറപ്പ് കൂലി തട്ടിയെടുത്ത് രണ്ടു വനിതാ സി.പി.എം അംഗങ്ങള്‍. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി നോക്കിയതായി രേഖയുണ്ടാക്കി കൂലി വാങ്ങിച്ചത് സംബന്ധിച്ച പരാതിയിന്മേല്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ മാവിള വിജയന്‍ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്നേഷണത്തില്‍ രണ്ട് അംഗങ്ങളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിലും സ്റ്റാന്റിംഗ് യോഗങ്ങളിലും പങ്കടുത്ത ദിവസങ്ങളിലും ഇവര്‍ തൊഴിലുറപ്പ് ജോലി ചെയ്തതായി രേഖയുണ്ടാക്കി കൂലി തട്ടിയെടുത്തതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇവര്‍ സി.പി.എം അംഗങ്ങളായതില്‍ പിന്നെ തൊഴിലുറപ്പ് ജോലിക്ക് പോയിട്ടില്ലെന്ന് തൊഴിലാളികളും നാട്ടുകാരും പറയുന്നു.
ഇവരില്‍ നിന്നും തുക ഈടാക്കുവാനും തൊഴിലുറപ്പ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സി.പി.എം മെമ്പറന്മാര്‍ സത്യ പ്രതിജ്ഞാ ലംഘനം നടത്തിയതിനാല്‍ അവരെ അയോഗ്യരാക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ മെമ്പറന്മാരുടെ പേരില്‍ ക്രിമിനല്‍ കേസ്സെടുക്കണമെന്നും പ്രസിഡന്റ് റ്റി. പി. അംബിരാജയുടെ അധ്യക്ഷതയില്‍ കൂടിയ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.