തോല്‍വി പഠിക്കാന്‍ സിപിഎം നേതൃയോഗങ്ങള്‍ ഇന്നുമുതല്‍

Jaihind Webdesk
Sunday, June 16, 2024

f

 

തിരുവനന്തപുരം: തോൽവി പഠിക്കുവാൻ സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. രണ്ടുദിവസത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും മൂന്നുദിവസത്തെ സംസ്ഥാന സമിതിയുമാണ് ഇന്നുമുതൽ ആരംഭിക്കുക. സർക്കാരിന്‍റെയും പാർട്ടിയുടെയും പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്ന് കനത്ത പരാജയത്തിന്‍റെ പ്രാഥമിക വിലയിരുത്തിനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തന്നെ വിമർശനം ഉയർന്നിരുന്നു. ഭരണ വിരുദ്ധ വികാരം പരാജയത്തിന് കാരണമായതായ വലിയ വിമർശനം ഉയരുന്നതിനിടയിലാണ് നേതൃയോഗം ആരംഭിക്കുന്നത്.

ക്ഷേമ പെൻഷൻ മുടങ്ങിയതടക്കമുള്ള ജനക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതും, ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതും തോൽവിക്ക് കാരണമായി എന്നാണ് വിലയിരുത്തൽ. സർക്കാരിന്‍റെ പ്രവർത്തന ശൈലിയിലും, പാർട്ടിയുടെ നയസമീപനങ്ങളിലും ആത്മ പരിശോധനയും തിരുത്തും വേണമെന്ന ആവശ്യവും ശക്തമാണ്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.