സ്വര്‍ണ്ണക്കവര്‍ച്ചയ്ക്കായി കരിപ്പൂരിലെത്തി: സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍ അറസ്റ്റില്‍; പൊളിഞ്ഞത് സിനിമാ സ്റ്റൈല്‍ മോഷണശ്രമം

മലപ്പുറം: കരിപ്പൂരില്‍ സ്വര്‍ണ്ണക്കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ സിപിഎം നേതാവും ഡിവൈഎഫ്ഐ നേതാക്കളും ഉൾപ്പടെ 5 അംഗ സംഘം അറസ്റ്റിലായി. ഗൾഫിൽ നിന്നെത്തിയ ഡിവൈഎഫ്ഐ നേതാവിന്‍റെ ഒത്താശയോടൊണ് കവർച്ച ആസൂത്രണം ചെയതത്.

സിനിമാക്കഥയെ വെല്ലുന്ന കവര്‍ച്ചാ സംഘത്തിന്‍റെ പ്ലാനിംഗാണ് കരിപ്പൂർ പോലീസ് പൊളിച്ചത്. ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരന്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ സംഘത്തെ വിമാനത്താവളത്തില്‍നിന്നും പോലീസ് പിടികൂടി. യാത്രക്കാരന്‍റെ അറിവോടെ നടന്ന കവര്‍ച്ചാ ശ്രമമാണ് പൊളിഞ്ഞത്. യാത്രക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേർ അറസ്റ്റിലായി. യാത്രികനായ തിരൂര്‍ നിറമരുതൂര്‍ സ്വദേശി മഹേഷ് ആണ് സ്വര്‍ണ്ണവുമായി പുറത്തെത്തിയത്. മഹേഷ് നിറമരുതൂരിലെ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനും സിപിഎം സൈബർ പോരാളിയുമാണ്.

മഹേഷിന്‍റെ നിർദ്ദേശപ്രകാരം സ്വർണ്ണം തട്ടിയെടുക്കാന്‍ എത്തിയതായിരുന്നു, പരപ്പനങ്ങാടി സ്വദേശികളായ മൊയ്തീന്‍കോയ, മുഹമ്മദ് അനീസ്, അബ്ദുല്‍ റൗഫ്, സുഹൈല്‍ എന്നിവർ. പരപ്പനങ്ങാടിയിലെ സിപിഎം നേതാവാണ് മൊയ്തീന്‍കോയ. നഗരസഭാ മുന്‍ സിപിഎം കൗണ്‍സിലറും, മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) മുന്‍ ജില്ലാ ട്രഷററുമാണ് മൊയ്തീന്‍കോയ. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയംഗമായിരുന്നു അബ്ദു റൗഫ്. ഇവരുൾപ്പെടുന്ന 5 പേരാണ് അറസ്റ്റിലായത്. കോടതി 5 പേരെയും റിമാന്‍ഡ് ചെയ്തു.

യാത്രക്കാരന്‍റെ അറിവോടെ സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ സംഘമെത്തുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. മഹേഷില്‍ നിന്ന് 4 കാപ്‌സ്യൂളുകളിലായി 974 ഗ്രാം മിശ്രിതമാണ് കണ്ടെടുത്തത്. അതില്‍നിന്ന് 46 ലക്ഷം രൂപയുടെ 885 ഗ്രാം സ്വര്‍ണ്ണം ലഭിച്ചു.

Comments (0)
Add Comment