യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വീടുകയറി ആക്രമിച്ച സംഭവം; സിപിഎം ഗുണ്ടകള്‍ അറസ്റ്റില്‍

Jaihind Webdesk
Wednesday, August 17, 2022

 

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വീടുകയറി ആക്രമിച്ച കേസില്‍ സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ ബൈജു വിജയൻ, ബ്രാഞ്ച് സെക്രട്ടറി സുനിൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ച പോലീസ് പ്രതിഷേധം കനത്തതോടെയാണ് ഒരാഴ്ച ആകുമ്പോള്‍ അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 11 ന് അർധരാത്രി സിപിഎം പഞ്ചായത്തംഗം ഉള്‍പ്പെട്ട സംഘമാണ് വീടുകയറി ആക്രമിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനെയും യൂത്ത് കോൺഗ്രസ് ബ്ലോക്ക്‌ സെക്രട്ടറി ആന്‍റോ ആന്‍റണിയെയുമാണ് ലോക്കല്‍ കമ്മിറ്റി അംഗവും തൃക്കൊടിത്താനം പഞ്ചായത്തംഗവുമായ ബൈജു വിജയനും സംഘവും വീടുകയറി ആക്രമിച്ചത്. കമ്പിവടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ചങ്ങനാശേരി മണികണ്ഠ വയലിൽ യൂത്ത് കോൺഗ്രസ് യൂണിറ്റ് ആരംഭിച്ചതിന് പിന്നാലെയാണ് പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടത്. യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചതിന് പിന്നാലെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാറിനെയും യൂത്ത് കോൺഗ്രസ് ബ്ലോക്ക്‌ സെക്രട്ടറി ആന്‍റോ ആന്‍റണിയെയും ഇതിന് മുമ്പും തൃക്കൊടിത്താനം പഞ്ചായത്തംഗം ബൈജു വിജയനും സംഘവും ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ ഭീഷണിയെ തുടർന്ന് ഇരുവരും തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ പോലീസിന്‍റെ ഭാഗത്തുനിന്ന് സിപിഎം പഞ്ചായത്ത് അംഗത്തെ സംഘത്തെയും സംരക്ഷിക്കുന്ന നടപടിയായിരുന്നു ഉണ്ടായത്. ഇയാൾക്കെതിരെ കേസെടുക്കാനോ പരാതി സ്വീകരിക്കാനോ പോലീസ് ശ്രമിച്ചില്ല. പരാതിയുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് മോശമായാണ് പോലീസ് പെരുമാറിയത്.