എം.വി ഗോവിന്ദന്‍ നയിക്കുന്ന യാത്രയ്ക്കായി ഭീഷണിപ്പെടുത്തി പണം പിരിവ്; 15,000 രൂപ നല്‍കിയില്ലെങ്കില്‍ പോലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്ന് സിപിഎം നേതാവിന്‍റെ ഭീഷണി | VIDEO

Jaihind Webdesk
Monday, February 27, 2023

 

പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്കായി വ്യാപകമായി ഭീഷണിപ്പെടുത്തിയുള്ള പിരിവും ആളെക്കൂട്ടാനായി ഭീഷണിയും. സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ യാത്ര ജനങ്ങൾക്ക് തലവേദനയായി മാറുന്നു.

ജനകീയ പ്രതിരോധ യാത്രയ്ക്കായി മണൽ കടത്തുകാരനോട് ഭീഷണി മുഴക്കിയതാണ് ഒടുവിലത്തെ സംഭവം. പത്തനംതിട്ട കുറിയന്നൂർ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുൺ 15,000 രൂപയാണ് മണല്‍കടത്തുകാരനോട് ആവശ്യപ്പെടുന്നത്. പണം നൽകിയില്ലെങ്കിൽ മണൽ വാരുന്ന വിവരം പോലീസിൽ അറിയിക്കുമെന്നും ഭീഷണി. പണം നൽകിയാൽ എത്ര ലോഡ് വേണമെങ്കിലും വാരിക്കോളാനും ഇയാള്‍ പറയുന്നുണ്ട്. ഇയാളുടെ സംഭാഷണം പുറത്തായതോടെ ശബ്ദം എഡിറ്റ് ചെയ്തതായിരിക്കാമെന്ന ന്യായീകരണ ക്യാപ്സൂള്‍ പുറത്തിറക്കി.

സിപിഎം ജാഥയ്ക്കായി അനധികൃത മണ്ണെടുപ്പ് മാഫിയകളോടും ക്വാറി മാഫിയകളോടും ഭീഷണി മുഴക്കി വൻ തുകയാണ് വാങ്ങുന്നത്. തന്നില്ലെങ്കിൽ തടയുമെന്നും ഭീഷണിയുണ്ട്. ഇത് കൂടാതെ ജാഥയ്ക്ക് ആളെ കൂട്ടാൻ കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തുന്നുണ്ട്. എന്തായാലും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കച്ച കെട്ടിയിറങ്ങിയ സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ യാത്ര ജനങ്ങള്‍ക്ക് തന്നെ പേടിസ്വപ്നമാവുകയാണ്.

 

https://www.facebook.com/JaihindNewsChannel/videos/214188914463438