മലപ്പുറം/പെരിന്തല്‍മണ്ണ: ഭാരത് ജോഡോ യാത്രയുടെ ജനസ്വീകാര്യതയില്‍ സിപിഎമ്മിനുള്ള അസഹിഷ്ണുത പരസ്യമായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് മാധ്യമവിഭാഗത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി നേതാവ് ജയ്റാം രമേശ്. രാഹുൽ ഗാന്ധി യാത്രയിലുടനീളം സംസാരിച്ചത് ആർഎസ്എസിനെതിരെയാണ്. കേരളത്തിൽ ബിജെപിയുടെ എ ടീം ആയാണ് സിപിഎം പ്രവർത്തിക്കുന്നത്. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏലംകുളത്തെ ഡിവൈഎഫ്ഐ ബാനറെന്നും ജയ്റാം രമേശ് പറഞ്ഞു.
സിപിഎമ്മിന്‍റെ ഇത്തരം നടപടി കോൺഗ്രസിന് കൂടുതല്‍ കരുത്താണ് നൽകന്നത്. സിപിഎമ്മിന് രണ്ട് മുഖമാണുള്ളത്. കേരളത്തിന് പുറത്ത് സിപിഎം മതേതര കക്ഷികൾക്കൊപ്പവും കേരളത്തിൽ ബിജെപിക്കൊപ്പം നിന്ന് കോൺഗ്രസിനെതിരെയുമാണ് സിപിഎമ്മിന്‍റെ പ്രവര്‍ത്തനം. മതേതര കക്ഷി നേതാക്കളെ ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിക്കുകയാണ്. സീതാറാം യെച്ചൂരി അടക്കമുള്ളവർ വന്നാൽ സന്തോഷമെന്നും ജയ്റാം രമേശ് പെരിന്തല്‍മണ്ണയില്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യാത്രയുടെ ചെയർമാന്‍ കൂടിയായ കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാമും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.