വിവാദങ്ങൾ തിരുത്തി വികസനം പറയാൻ സി.പി.എം; വീടുകൾ കയറി ജനമനസ്സ് മാറ്റാൻ സഖാക്കൾ ഇറങ്ങുന്നു

Jaihind News Bureau
Thursday, January 15, 2026

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനവിശ്വാസം വീണ്ടെടുക്കാൻ ഗൃഹസന്ദർശന പരിപാടിയുമായി സിപിഎം രംഗത്തിറങ്ങുന്നു. കോർപ്പറേഷനുകളിലും പഞ്ചായത്തുകളിലും നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തിൽ, ഇന്നു മുതൽ ജനുവരി 22 വരെ നേതാക്കളും പ്രവർത്തകരും നേരിട്ട് വീടുകളിലെത്തും. ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുക എന്നതാണ് ഈ സന്ദർശനത്തിന്റെ ഔദ്യോഗിക ലക്ഷ്യമെങ്കിലും, നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം ഇതിനു പിന്നിലുണ്ട്.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് പാർട്ടിനുള്ളിലെ വിലയിരുത്തൽ. ഇക്കാര്യം പാർട്ടി പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും, വീടുകൾ കയറുന്ന പ്രവർത്തകർ ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം നൽകാനാണ് ശ്രമിക്കുന്നത്. “സ്വർണ്ണം കവർന്നവരെ വെറുതെ വിടില്ല” എന്ന പ്രചാരണത്തിലൂടെ വിശ്വാസികളുടെ ഇടയിലുണ്ടായ അതൃപ്തി പരിഹരിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.

നേരത്തെ ശബരിമല യുവതീപ്രവേശനം വിവാദമായപ്പോഴും സമാനമായ രീതിയിൽ സിപിഎം ഗൃഹസന്ദർശനം നടത്തി പിഴവുകൾ ഏറ്റുപറഞ്ഞിരുന്നു. ആ നീക്കം പിണറായി സർക്കാരിന് തുടർഭരണം നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ചുവെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ഇത്തവണയും തെറ്റുകൾ തിരുത്തിയും, സർക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിച്ചും ‘മൂന്നാം പിണറായി സർക്കാർ’ യാഥാർത്ഥ്യമാക്കുകയാണ് പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം.