
കണ്ണൂരില്‍ സി പി എം സ്ഥാനാര്‍ത്ഥികള്‍ വിജയം ആഘോഷിക്കുന്നത് ജനാധിപത്യത്തെ കശാപ്പുചെയ്താണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിര്‍ സ്ഥാനാര്‍ത്ഥികളെയോ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത പാര്‍ട്ടിയുടെ ‘കാടത്തമാണ്’ സി പി എമ്മിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സി പി എം ക്രിമിനലുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി. പഞ്ചായത്തിലും സ്വന്തം വാര്‍ഡിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എം.വി ഗോവിന്ദനുമാണോ ഫാഷിസ്റ്റ് വിരുദ്ധ ക്ലാസെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ബംഗാളിലെ അവസാനകാലത്തേക്കാള്‍ വലിയ മാഫിയാ സംഘത്തെപ്പോലെയാണ് കേരളത്തില്‍ സി പി എം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ നിയമവിരുദ്ധമായി തള്ളാന്‍ ഒരു സംഘം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സി പി എം ഫ്രാക്ഷന്‍ പോലെ പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം, കണ്ണപുരം, ആന്തൂര്‍ എന്നിവിടങ്ങളില്‍ ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍, വരണാധികാരിയുടെ മുന്നിലിട്ട ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയ നടപടി വിചിത്രമാണ്.
എറണാകുളം കടമക്കുടിയില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പൊലീസ് ഉദ്യോഗസ്ഥര്‍ വൈകിപ്പിക്കാന്‍ ശ്രമിച്ച സംഭവമുണ്ടായി. പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ ‘തട്ടിക്കളയുമെന്നാണ്’ സി പി എം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണിയെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ഖാദി ബോര്‍ഡ് താത്കാലിക ജീവനക്കാരുടെ കാര്യത്തിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരട്ടത്താപ്പ് കാണിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നാല് സി പി എം സ്ഥാനാര്‍ത്ഥികളുടെ പത്രിക അംഗീകരിച്ചപ്പോള്‍, അതേ കാരണം ചൂണ്ടിക്കാട്ടി എറണാകുളം ആലങ്ങാടുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത് പക്ഷപാതപരമായ നടപടിയാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഈ നടപടിയെ യുഡിഎഫ് നിയമപരമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.