കോണ്‍ഗ്രസ് വിരുദ്ധതതയുടെ തടവറയില്‍ കിടക്കുന്ന സി.പി.എം രാജസ്ഥാനില്‍ ബി.ജെ.പിക്ക് പരോക്ഷ പിന്തുണ നല്‍കി

Jaihind Webdesk
Tuesday, December 11, 2018

 

അന്ധമായ കോണ്‍ഗ്രസ് വിരുദ്ധതയുടെ തടവറയില്‍ കഴിയുന്ന സി.പി.എം രാജസ്ഥാനില്‍ പരോക്ഷമായി ബി.ജെ.പിയെ സഹായിച്ചത് 26 നിയമസഭ മണ്ഡലങ്ങളില്‍. മതേതര വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കിയ സി.പി.എമ്മിന് രാജസ്ഥാനില്‍ നേടാനായത് കേവലം 1.2 ശതമാനം വോട്ടുമാത്രം. പല മണ്ഡലങ്ങളിലും നോട്ടയ്ക്ക് പിന്നില്‍ സി.പി.എം സ്ഥാനമുറപ്പിച്ചതും വിചിത്രം.

രാജസ്ഥാനില്‍ തെരഞ്ഞെടുപ്പിനെ ഒന്നിച്ചുനേരിടാന്‍ സി.പി.എമ്മിനെ കോണ്‍ഗ്രസ് ക്ഷണിക്കുകയും ഏഴ് സീറ്റുകള്‍ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ധമായ കോണ്‍ഗ്രസ് വിരുദ്ധത ഇപ്പോഴും തുടരുന്ന സി.പി.എം നേതാക്കള്‍ സഖ്യത്തിന് തയ്യാറാകാതെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുകയും കൂടുതല്‍ സീറ്റുകള്‍ക്കായി വിലപേശല്‍ നടത്തുകയും ചെയ്തു. ഒടുവില്‍ ഇത്തരം വിലപേശല്‍ വിലപ്പോകില്ലെന്ന് മനസ്സിലായതോടെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. 28 സീറ്റില്‍ മത്സരിച്ച സി.പി.എമ്മിന് ആകെ നേടാനായത് 1.3 ശതമാനം വോട്ടുമാത്രം. രണ്ടു സീറ്റുകളില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നേറ്റം ഉണ്ടാക്കാനായിട്ടുണ്ട്. ഈ രണ്ടു മണ്ഡലങ്ങളിലൊഴികെ മറ്റ് 26 മണ്ഡലങ്ങളിലും മതേതര വോട്ടുകള്‍ ഭിന്നിക്കുകയായിരുന്നു സി.പി.എം സ്ഥാനര്‍ത്ഥികള്‍.

ഫലത്തില്‍ ഇവിടങ്ങളിലെ സി.പി.എം സ്ഥാനാര്‍ത്ഥിത്വം വഴി പരോക്ഷമായി ഗുണം ലഭിച്ചത് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കാണ്. മതേതര ചേരിയുമായി സഹകരിക്കാത്ത സമീപനമാണ് മധ്യപ്രദേശിലും ചത്തീസ്ഗഡിലും സി.പി.എം കൈക്കൊണ്ടത്. ഈ രണ്ടു സംസ്ഥാനങ്ങളിലും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ പച്ചതൊട്ടില്ല. തെലങ്കാനയിലും കോണ്‍ഗ്രസ് മുന്നണിക്കൊപ്പം ചേരാതെ സ്വന്തം മുന്നണിയുണ്ടാക്കിയാണ് സി.പി.എം മത്സരിച്ചത്. അവിടുത്തെ അവസ്ഥയാകട്ടെ അതി ദയനീയവും. ഇവിടെ സി.പി.എം നിലപാടിന്റെ ഗുണം പരോക്ഷമായി ലഭിച്ചതാകട്ടെ ടി.ആര്‍.എസിനും.

ചുരുക്കത്തില്‍ മതേതത്വത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന സി.പി.എം നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മതേതര ചേരിയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മോദിയെ അധികാരത്തില്‍ നിന്നും താഴെയിറാക്കാന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിന് കീഴില്‍ അണിനിരക്കുമ്പോള്‍ സി.പി.എം മാത്രം ഇനിയും അതിന് തയ്യാറായിട്ടില്ല. രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ഛത്തീസ്ഗഡിലേയും ജനവിധി രാജ്യത്തെ ജനവികാരം ഏത് ദിശയിലാണെന്നതിന്റെ ചൂണ്ടുപലകയാണ്. ഈ ചുവരെഴുത്ത് മനസ്സിലാക്കി ഇനിയെങ്കിലും സി.പി.എം നേതൃത്വം തിരുത്തലുകള്‍ വിധേയമാകുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.