കാസറഗോഡ് സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി; നേതാക്കള്‍ക്കെതിരെ സ്ഫോടകവസ്തു എറിഞ്ഞു; ലോക്കല്‍ സെക്രട്ടറിയടക്കം ചിതറിയോടി; സ്ത്രീയ്ക്ക് പരുക്ക്

Jaihind Webdesk
Tuesday, May 21, 2024

 

കാസറഗോഡ്: അമ്പലത്തറയിൽ സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. നേതാക്കൾക്കെതിരെ പാർട്ടി പ്രവർത്തകൻ സ്ഫോടക വസ്തുവെറിഞ്ഞു. ലോക്കൽ സെക്രട്ടറിയടക്കം ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഫോടനത്തിൽ ഒരു സ്ത്രീക്ക് പരുക്കേറ്റു.

അമ്പലത്തറ മുട്ടിച്ചരലിൽ സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് നേതാക്കൾക്കെതിരെ പാർട്ടി പ്രവർത്തകൻ സ്ഫോടക വസ്തു എറിഞ്ഞത്. പാർട്ടി പ്രവർത്തകർ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി പ്രദേശത്ത് ഗൃഹ സന്ദർശനത്തിന് എത്തിയ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഉള്ള നേതാക്കൾക്ക് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ഓടി മാറിയതിനാൽ ലോക്കൽ സെക്രട്ടറി അനൂപ്, ബാബുരാജ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അരുൺ, ബാലകൃഷ്ണൻ എന്നിവർ പരിക്ക് ഏൽക്കാതെ രക്ഷപെട്ടു. സ്ഫോടനത്തിൽ പ്രദേശവാസിയായ ആമിന എന്ന സ്ത്രീക്ക് പരുക്കേറ്റു.

പാർട്ടി പ്രവർത്തകനായ അമ്പലത്തറ ലാലൂർ സ്വദേശി രതീഷ് ആണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് നേതാക്കൾ പറയുന്നത്. ഇയാൾ കൊലപാതക കേസിൽ ഉൾപ്പെടെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് ഏതാനും ദിവസങ്ങളായി പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്നിരുന്നു. സംഘർഷത്തിൽ മാന്തി രതീഷ് എന്നയാൾക്ക് മർദ്ദനമേറ്റിരുന്നു. സിപിഎം പ്രവർത്തകനായ ഓട്ടോ ഡ്രൈവർക്കും മർദ്ദനമേറ്റു. ഇതിൻ്റെ തുടർച്ചയായാണ് സംഘർഷം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.