യുവതിക്ക് പട്ടാപ്പകല്‍ സിപിഎം പ്രവർത്തകന്‍റെ ക്രൂരമർദ്ദനം; നാഭിക്ക് ചവിട്ടി, റോഡിലൂടെ വലിച്ചിഴച്ചു, പെണ്‍കുട്ടി ആശുപത്രിയില്‍; പരാതി നല്‍കിയിട്ടും ഇടപെടാതെ പോലീസ്

Jaihind Webdesk
Sunday, July 7, 2024

 

ആലപ്പുഴ: ചേർത്തലയില്‍ ദളിത് പെണ്‍കുട്ടിക്ക് പട്ടാപ്പകല്‍ സിപിഎം പ്രവർത്തകന്‍റെയും സഹോദരന്‍റെയും ക്രൂര മർദ്ദനം. പെണ്‍കുട്ടിയുടെ സഹോദരങ്ങളെ മർദ്ദിച്ചതിന് പോലീസില്‍ പരാതി നല്‍കിയതിന്‍റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇവർ പറയുന്നു. ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയെ തുറവൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പ്രതികളുടെ പാർട്ടി ബന്ധം കാരണം പരാതി നല്‍കിയിട്ടും പോലീസ് ഇടപെടുന്നില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പൊതുജനമധ്യത്തില്‍ പരസ്യമായി സ്ത്രീത്വത്തെ അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്തിട്ടും ഇടപെടാത്ത പോലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ചേർത്തല താലൂക്കിൽ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിൽ അഞ്ചുപുരയ്ക്കൽ വീട്ടിൽ നിലാവ് ( 19) എന്ന പട്ടികജാതി-ദളിത് വിദ്യാർത്ഥിനിയായ പെൺകുട്ടിയെയാണ് നടുറോഡില്‍ വെച്ച് സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. നിലാവിന്‍റെ  ഇളയ സഹോദരങ്ങളെ  നേരത്തെ ഷൈജു മർദ്ദിച്ചിരുന്നു. ഇതിന് പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ ഞായറാഴ്ച രാവിലെ പരാതി നൽകിയതിനുശേഷം തിരിച്ച് വീട്ടിലെത്തിയതിന് പിന്നാലെയാണ് നിലാവിന് നേരെ ആക്രമണമുണ്ടായത്.

ഷൈജുവും സഹോദരനും ചേർന്ന് പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുന്നതും മുടിയില്‍ പിടിച്ച് നിലത്തുകൂടി വലിച്ചിഴയ്ക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തന്നെ അടിവയറ്റിലും നെഞ്ചിലും അക്രമികള്‍ ചവിട്ടിയതായി പെണ്‍കുട്ടി പറയുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും പോലീസ് തങ്ങളെ ആട്ടിയോടിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിപ്പെടുന്നു. മർദ്ദനം നടന്ന വിവരം അറിയിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസ് എത്താനോ കേസെടുക്കാനോ തയാറായില്ല. പ്രതികളുടെ സിപിഎം ബന്ധമാണ് പോലീസിന്‍റെ അനങ്ങാപ്പാറ നിലപാടിന് പിന്നിലെന്നും നിലാവിന്‍റെ കുടുംബം ആരോപിച്ചു. ഗുരുതര പരുക്കുകളോടെ പെണ്‍കുട്ടിയെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.