സി.പി.എമ്മിന്റെ കള്ളവോട്ട്: കൈവശമുള്ള തെളിവുകള്‍ നാളെ കൈമാറുമെന്ന് കെ സുധാകരന്‍

Monday, April 29, 2019

കണ്ണൂര്‍: കള്ളേവാട്ട് വിവാദത്തില്‍ നിയമനടപടികള്‍ക്കായി തന്റെ കൈവശമുള്ള വിവരങ്ങള്‍ നാളെ കൈമാറുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. കള്ളവോട്ട് നടന്നുവെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് നടക്കുമെന്ന് നേരത്തെ ജില്ല വരണാധികാരിയെ അറിയിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ഇന്നത്തെ നടപടി പ്രതീക്ഷ തരുന്നതായും സുധാകരന്‍ പറഞ്ഞു. മുഴുവന്‍ സ്ഥലങ്ങളിലെയും പരിശോധന പൂര്‍ത്തിയാക്കി രണ്ടുദിവസത്തിനകം പരാതി നല്‍കും.
കള്ളവോട്ട് നടന്നുവെന്ന് നേരത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. പിലാത്തറ എയുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നതെന്നാണ് സ്ഥിരീകരണം. സുമയ്യ, സലീന, പത്മിനി എന്നീ മൂന്ന് സ്ത്രീകള്‍ കള്ളവോട്ട് ചെയ്തെന്ന് ടീക്കാറാം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കള്ളവോട്ട് ചെയ്ത സലീന പഞ്ചായത്തംഗമാണ്. സുമയ്യ മുന്‍ പഞ്ചായത്ത് അംഗമാണെന്നും ടീക്കാറാം പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്നും മീണ പറഞ്ഞു.