യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീടുകയറി ആക്രമിച്ച് സിപിഎം ഗുണ്ടാ സംഘം; അക്രമികള്‍ക്ക് സംരക്ഷണമൊരുക്കി പോലീസ്

Jaihind Webdesk
Friday, August 12, 2022

 

കോട്ടയം: ചങ്ങനാശേരിയിൽ യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഎം ഗുണ്ടാ ആക്രമണം. ഇന്നലെ അർധരാത്രി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അടക്കം രണ്ടുപേരെ സിപിഎം പഞ്ചായത്തംഗം വീടുകയറി ആക്രമിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനെയും യൂത്ത് കോൺഗ്രസ് ബ്ലോക്ക്‌ സെക്രട്ടറി ആന്‍റോ ആന്‍റണിയെയുമാണ് തൃക്കൊടിത്താനം പഞ്ചായത്ത്‌ അംഗം ബൈജു വിജയനും സംഘവും വീടുകയറി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേസമയം പ്രതികളെ പിടികൂടാതെ അക്രമികളെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഇന്നലെ അർധരാത്രിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീടുകയറി കമ്പിവടി ഉപയോഗിച്ച് സിപിഎം പഞ്ചായത്തംഗം ആക്രമിച്ചത്. ചങ്ങനാശേരി മണികണ്ഠ വയലിൽ യൂത്ത് കോൺഗ്രസ് യൂണിറ്റ് ആരംഭിച്ചതിന് പിന്നാലെയാണ് പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടത്. യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചതിന് പിന്നാലെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാറിനെയും യൂത്ത് കോൺഗ്രസ് ബ്ലോക്ക്‌ സെക്രട്ടറി ആന്‍റോ ആന്‍റണിയെയും ഇതിന് മുമ്പും തൃക്കൊടിത്താനം പഞ്ചായത്തംഗം ബൈജു വിജയനും സംഘവും ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ ഭീഷണിയെ തുടർന്ന് ഇരുവരും തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ പോലീസിന്‍റെ ഭാഗത്തുനിന്ന് സിപിഎം പഞ്ചായത്ത് അംഗത്തെ സംഘത്തെയും സംരക്ഷിക്കുന്ന നടപടിയായിരുന്നു ഉണ്ടായത്. ഇയാൾക്കെതിരെ കേസെടുക്കാനോ പരാതി സ്വീകരിക്കാനോ പോലീസ് ശ്രമിച്ചില്ല. പരാതിയുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് മോശമായാണ് പോലീസ് പെരുമാറിയത്. എന്നാൽ ഇന്നലെ അർധരാത്രിയിൽ മനു കുമാറിനെയും, ആന്‍റോ ആന്‍റണിയെയും പഞ്ചായത്തംഗം ബൈജു കമ്പിവടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ബൈജുവിന്‍റെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മനുവിനെയും ആന്‍റോയെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ചയായി. സംഭവത്തിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ബൈജു അടക്കം മൂന്നുപേർക്കെതിരെ തൃക്കൊടിത്താനം പോലീസ് കേസെടുത്തത്. മൂന്നുപേർക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭവനഭേദനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. എന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ കേസ് എടുത്തതല്ലാതെ പ്രതിയെ പിടികൂടാനുള്ള നടപടി ഇതുവരെ പോലീസ് സ്വീകരിച്ചിട്ടില്ല. സിപിഎം അക്രമത്തിന് കുടപിടിക്കുന്ന പോലീസിന്‍റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.