തിരുവനന്തപുരം: കലാപനീക്കം നടക്കില്ല എന്ന പേരില്‍ സി.പി.എം ഔദ്യോഗിക പേജില്‍ നടക്കുന്ന പ്രചാരണത്തിന് ഉപയോഗിക്കുന്ന ചിത്രം സി.പി.എമ്മുകാരുടെ തന്നെ അക്രമചിത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയോടുകൂടിയാണ് സ്വന്തം പാര്‍ട്ടിയുടെ കലാപത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി കലാപത്തിനെതിരെയുള്ള പാര്‍ട്ടി പ്രചരണം.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ 2019 ജനുവരി മൂന്നാം തീയതി പ്രസിദ്ധീകരിച്ച ചിത്രമാണ് സി.പി.എമ്മിന്റെ ഔദ്യോഗിക പേജില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഈ ചിത്രം സി.പി.എം പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന അക്രമത്തിന്റേതാണ്. ജനുവരി രണ്ടാംതീയതിയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതിന്റെ ചിത്രമാണ് കലാപത്തിനെതിരെ എന്ന പേരില്‍ സി.പി.എം പ്രചരിപ്പിക്കുന്നത്.
എന്നാല്‍ പ്രചരിപ്പിക്കുന്ന ചിത്രമാകട്ടേ സി.പി.എം പ്രവര്‍ത്തകരുടെ കലാപത്തിന്റെ ചിത്രവും. പേരാമ്പ്ര മുസ്ലിം പള്ളിക്ക് കല്ലെറിഞ്ഞപ്പോള്‍ ന്യായികരിച്ചതുപോലെ ഇതിനും പുതിയ ന്യായീകരണം കണ്ടെത്താന്‍ സഖാക്കള്‍ കുറേ വിയര്‍ക്കും. 150 മീറ്റര്‍ അകലെയുള്ള മുസ്ലിം ലീഗ് ഓഫീസിന് എറിഞ്ഞു എന്ന പേരിലാണ് മുസ്ലിം പള്ളിക്കുനേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയത്. അതുപോലെ സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകരുടെ ചിത്രം തന്നെ ഉപയോഗിച്ച് കലാപത്തിനെതിരെ പ്രചാരണം നടത്തുന്ന സി.പി.എമ്മുകാരുടെ പുതിയ രീതിയെക്കുറിച്ച് എന്താണാവോ ഇനി ന്യായീകരണം. സൈബര്‍ പ്രവര്‍ത്തകരുടെ ജാഗ്രതക്കുറവായിരിക്കാം എന്നതായിരിക്കാം.