പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; ഹോട്ടല്‍ അടിച്ചുതകർത്ത് സിപിഐ ഗുണ്ടായിസം; ഹോട്ടല്‍ നടത്തിപ്പുകാരായ ദമ്പതികള്‍ക്കും മര്‍ദ്ദനം

Jaihind Webdesk
Sunday, May 22, 2022

 

പത്തനംതിട്ട : പാർട്ടി ഫണ്ട് നൽകാത്തതിന്‍റെ പേരില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്ത് സിപിഐ ഗുണ്ടായിസം. തിരുവല്ലയിലെ മന്നംകരച്ചിറ ജംഗ്ഷന് സമീപമുള്ള ശ്രീമുരുകന്‍ ഹോട്ടലാണ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടിച്ചുതകർത്തത്. ഹോട്ടല്‍ നടത്തിപ്പുകാരായ ദമ്പതികളെയും അക്രമി സംഘം മർദ്ദിച്ചു.

നെയ്യാറ്റിൻകര സ്വദേശികളുമായ മുരുകൻ, ഉഷ ദമ്പതിമാർക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു അക്രമം. ബ്രാഞ്ച് സെക്രട്ടറിയും മന്നംകരച്ചിറ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറുമായ കുഞ്ഞുമോന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് ഇവർ പറഞ്ഞു.

അക്രമത്തില്‍ പരിക്കേറ്റ മുരുകനും ഉഷയും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രിയില്‍ എത്തിയും കുഞ്ഞുമോനും കൂട്ടരും ഭീഷണിപ്പെടുത്തിയായി മുരുകൻ പറഞ്ഞു. തിരുവല്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും  ഭീഷണിയെ തുടർന്ന് പരാതി പിൻവലിക്കേണ്ടിവന്നതായും മുരുകന്‍ പറയുന്നു.