സിപിഎമ്മിനെ പാഠം പഠിപ്പിക്കാന്‍ സിപിഐ; മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത

Jaihind News Bureau
Friday, November 21, 2025

മലപ്പുറത്തെ ഇടത് മുന്നണിയില്‍ ഭിന്നത്. സിപിഎമ്മിനെ പാഠം പഠിപ്പിക്കാനൊരുങ്ങി സിപിഐ. മലപ്പുറം വെട്ടത്തൂര്‍ പഞ്ചായത്തിലാണ് എല്‍ഡിഎഫ് മുന്നണി ബന്ധം തകര്‍ന്നത്. സിപിഎമ്മിനെ ദയനീയമായി പരാജയപ്പെടുത്തുമെന്ന് സിപിഐ വ്യക്തമാക്കി. സീറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഒറ്റക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണ് സിപിഐ. വെട്ടത്തൂര്‍ പഞ്ചായത്ത് വാര്‍ഡ് 16 ലാണ് സിപിഐ മത്സരിക്കുക. മറ്റ് വാര്‍ഡുകളില്‍ യുഡിഎഫിനെ പിന്തുണക്കുമെന്നും സിപിഐ നേതൃത്വം അറിയിച്ചു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വര്‍ണക്കൊള്ള വിഷയത്തില്‍ അടക്കം പ്രതിരോധത്തിലായിരിക്കുകയാണ് ഇടത് മുന്നണി. ഇപ്പോഴിതാ പാര്‍ട്ടിക്കുള്ളിലെ ഭിന്നതകളും ചേരിതിരിവും കൂടി ചര്‍ച്ചയായതോടെ ഇരട്ടപ്രഹരമാണ് എല്‍ഡിഎഫ് നേരിടുന്നത്. മലപ്പുറത്ത് എല്‍ഡിഎഫ് തുറന്ന പോരിലേക്ക് കടക്കുമ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തരം വിഷയങ്ങള്‍ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് ഇടത് മുന്നണി.