തെരഞ്ഞെടുപ്പുകളിലെ പ്രകടനം തുടർച്ചയായി ദയനീയമായതോടെ സി.പി.ഐക്ക് ദേശീയ പാർട്ടി പദവി നഷ്ടമാകും. സി.പി.ഐ, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി എന്നീ പാർട്ടികളുടെ ദേശീയ പദവി എടുത്തുകളയാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി തുടങ്ങി.
പദവി പിൻവലിക്കാതിരിക്കാൻ ഓഗസ്റ്റ് അഞ്ചിനുള്ളിൽ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് കമ്മിഷൻ നോട്ടീസയച്ചു. കഴിഞ്ഞ രണ്ടു ലോകസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനം വിലയിരുത്തിയാണ് കമ്മിഷൻ നടപടിക്കൊരുങ്ങുന്നത്. ഓഗസ്റ്റ് അവസാനത്തോടെ തീരുമാനമെടുക്കുമെന്നാണ് സൂചന.
നാലു സംസ്ഥാനങ്ങളിൽ ആറു ശതമാനം വോട്ട്, നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി, മൂന്ന് സംസ്ഥാനങ്ങളിൽനിന്നായി ലോക്സഭയിൽ രണ്ടു ശതമാനം സീറ്റ്- ഈ മൂന്നു യോഗ്യതകളിൽ ഒന്നെങ്കിലുമുണ്ടെങ്കിൽ ദേശീയ പാർട്ടിയായി തുടരാനാകും.
നിലവിൽ മൂന്നു പാർട്ടികൾക്കും ഇത് അവകാശപ്പെടാനില്ല. പദവി നഷ്ടപ്പെട്ടാൽ ഒരേ ചിഹ്നത്തിൽ രാജ്യത്ത് എല്ലായിടത്തും മത്സരിക്കാൻ പാർട്ടികൾക്ക് സാധിക്കില്ല. കേരളം, തമിഴ്നാട്, മണിപ്പൂർ എന്നിവിടങ്ങളിൽ സംസ്ഥാന പാർട്ടി പദവിയുള്ള സി.പി.ഐയ്ക്ക് ബംഗാളിലും ത്രിപുരയിലും തിരിച്ചടി നേരിട്ടതാണ് വിനയായത്. കോൺഗ്രസുമായും ഡി.എം.കെയുമായും സഖ്യമുണ്ടാക്കിയാണ് തമിഴ്നാട്ടിൽ പാർട്ടി പിടിച്ചുനിന്നത്.
ബംഗാൾ, ത്രിപുര, മണിപ്പൂർ എന്നിവിടങ്ങളിൽ തൃണമൂൽ സംസ്ഥാന പാർട്ടി പദവി നിലനിർത്തിയെങ്കിലും അരുണാചലിൽ നഷ്ടപ്പെട്ടു. മേഘാലയ, ഗോവ സംസ്ഥാനങ്ങളിലെ തോൽവിയാണ് എൻ.സി.പിക്ക് തിരിച്ചടിയായത്. 2014 ൽ ബി.എസ്പിക്കും സി.പി.ഐക്കും എൻ.സി.പിക്കും പദവി നഷ്ടമാകേണ്ടതായിരുന്നു. എന്നാൽ, ഒന്നിനു പകരം രണ്ടു തെരഞ്ഞെടുപ്പുകളിലെ പ്രകടനം വിലയിരുത്താമെന്ന കമ്മിഷന്റെ നിലപാടാണ് തുണച്ചത്. ഈ തീരുമാനം ഇത്തവണ സി.പി.എമ്മിനും രക്ഷയായി.
https://youtu.be/It0zU6i4QI8