ധൂർത്ത് തുടരുന്ന സർക്കാർ : ചീഫ് വിപ്പ് സ്ഥാനത്തിന്‍റെ പേരില്‍ പ്രതിമാസം ലക്ഷങ്ങളുടെ ദുര്‍വ്യയം

Jaihind News Bureau
Saturday, October 5, 2019

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്ത് തുടരുന്ന സർക്കാർ നടപടി വിവാദമാകുന്നു. ചീഫ് വിപ്പിന്‍റെ സ്റ്റാഫുകളുടെ ചെലവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. ചീഫ് വിപ്പ് കെ. രാജന്‍റെ പഴ്സണല്‍ സ്റ്റാഫ് ആയി പുതുതായി ഏഴ് പേരെ കൂടി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടെ ചീഫ് വിപ്പിന്‍റെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 13 ആയി.

ചീഫ് വിപ്പ് പദവി തന്നെ ധൂര്‍ത്താണെന്ന് ആരോപണമുയര്‍ന്നെന്നിരിക്കെ ചീഫ് വിപ്പ് സ്ഥാനം അനാവശ്യമാണെന്നും ദുര്‍ചെലവാണെന്നും മുന്‍പ് പറഞ്ഞ സിപിഐ ചുവടുമാറ്റി. ഒല്ലൂര്‍ എംഎല്‍എ കെ.രാജനെ ചീഫ് വിപ്പ് ആക്കിയശേഷം 13 പേരെയാണ് പേഴ്സനല്‍ സ്റ്റാഫ് ആയി നിയമിച്ചത്. ചീഫ് വിപ്പിന് കൂടുതൽ സ്റ്റാഫിനെ നിയമിക്കില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പറയുന്ന സിപിഐയുടെയും പൊള്ളത്തരം ഇതിലൂടെ വെളിപ്പെടുകയാണ്. ഇതുവരെ നിയമിച്ച 13 സ്റ്റാഫുകളില്‍ 4 പേര്‍ മാത്രമാണ് സര്‍ക്കാര്‍ ജീവനക്കാര്‍. എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള സ്റ്റാഫ് നിരയിലെ മറ്റുള്ളവരെല്ലാം തന്നെ പാര്‍ട്ടി അനുഭാവികളാണ്.

പ്രൈവറ്റ് സെക്രട്ടറിയും രണ്ട് അഡീ.പ്രൈവറ്റ് സെക്രട്ടറിമാരും സര്‍ക്കാര്‍ സര്‍വീസില്‍നിന്നുള്ളവരാണ്. അസി.പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത് കൊല്ലത്തെ സ്കൂള്‍ ജീവനക്കാരിയെ. ഇതിന് പുറമെയാണ് സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത 9 പേരുടെ അധിക നിയമനം. ഡ്രൈവറായി രണ്ടുപേരെയും ക്ലാര്‍ക്ക്, പേഴ്സനല്‍ അസിസ്റ്റന്‍റ്, അഡീഷണല്‍ പേഴ്സനല്‍ അസിസ്റ്റന്‍റ് തുടങ്ങിയ തസ്തികകളില്‍ ഓരോ ആളുകളേയും കംപ്യൂട്ടര്‍ അസിസ്റ്റന്‍റായി ഒരാളെയും ഓഫീസ് അറ്റന്‍റന്‍റായി മൂന്നുപേരെയുമാണു നിയമിച്ചിരിക്കുന്നത്.

ഓരോ പാര്‍ട്ടിക്കും വിപ്പുള്ളതിനാല്‍ പ്രത്യേകം ചീഫ് വിപ്പ് വേണ്ടെന്നായിരുന്നു ഇടതു മുന്നണിയുടെ തീരുമാനം. ഇക്കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സത്യപ്രതിജ്ഞക്ക് മുമ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു. നേരത്തെ യുഡിഎഫിന്‍റെ കാലത്ത് പി.സി.ജോര്‍ജിനു ചീഫ് വിപ്പ് പദവി നല്‍കിയതിനെതിരെ എല്‍ഡിഎഫ് ശക്തമായി പ്രതിഷേധിച്ചിരുന്നു.

നിയമസഭയില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ വിപ്പ് നല്‍കുന്ന ജോലി മാത്രമുള്ള ചീഫ് വിപ്പിനു ക്യാബിനറ്റ് പദവിയുള്ളതിനാല്‍ മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. 25 ജീവനക്കാരെ നിയമിക്കാം. ആരെ നിയമിക്കണമെന്നു ചീഫ് വിപ്പിനു തീരുമാനിക്കാം. ക്യാബിനറ്റ് പദവിയുള്ള ഒരാളുടെ ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ പ്രതിമാസം സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവിടണം.

സര്‍ക്കാര്‍ സര്‍വീസില്‍ ഇല്ലാതെ പഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുന്നവര്‍ 2 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ ആജീവനാന്തം പെന്‍ഷന്‍ വാങ്ങാം. മറ്റൊരിടത്തും ഈ സൗകര്യമില്ല. രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പഴ്സണല്‍ സ്റ്റാഫിലുള്ള ചിലരെ പരിച്ചുവിട്ടു പുതിയ ആളുകളെ ഉള്‍പ്പെടുത്തുന്ന രീതിയുമുണ്ട്. പരമാവധി പാര്‍ട്ടി അനുഭാവികള്‍ക്കു പെന്‍ഷന്‍ ലഭിക്കുന്നതിനാണിത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മിനിമം പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കണം. മുഴുവന്‍ പെന്‍ഷനും ലഭിക്കാന്‍ 30 വര്‍ഷവും. അപ്പോഴാണ് 2 വര്‍ഷം സര്‍വീസുള്ളവര്‍ പെന്‍ഷന്‍ അനായാസം വാങ്ങുന്നത്.