പ്രചാരണത്തില്‍ സിപിഎം വീഴ്ചവരുത്തി, ഘടകകക്ഷികളെ സഹകരിപ്പിച്ചില്ല ; ഗുരുതര ആരോപണങ്ങളുമായി സിപിഐ അവലോകന റിപ്പോർട്ട്

Jaihind Webdesk
Sunday, September 12, 2021

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഎമ്മിന് വീഴ്ചയെന്ന് സിപിഐ. ഘടകക്ഷികളുടെ  മണ്ഡലങ്ങളില്‍ വീഴ്ചവരുത്തി. സിപിഎം മല്‍സരിച്ചിടത്ത് ഘടകകക്ഷികളെ പ്രചാരണത്തില്‍ സഹകരിപ്പിച്ചില്ല. ചിലയിടത്ത് വോട്ടിചോർച്ചയുണ്ടായെന്നും സിപിഐ അവലോകന റിപ്പോർട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പുകളില്‍ കൂട്ടായ ആലോചനകള്‍ സിപിഎം നടത്തിയില്ല. ഐഎന്‍എല്‍ മല്‍സരിച്ച കാസര്‍കോട് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാന്‍ പോലും സിപിഎമ്മിന് നിര്‍ബന്ധമില്ലായിരുന്നു. ഹരിപ്പാട് ഇടതുവോട്ടുകള്‍ ചോര്‍ന്നു. സിപിഎമ്മിന് സ്വാധീനമുള്ള കുമാരപുരം, തൃക്കുന്നപുഴ പഞ്ചാത്തുകളില്‍ മുന്നേറാന്‍ കഴിഞ്ഞില്ല. പറവൂരില്‍ സിപിഎം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. ചാത്തന്നൂരില്‍ ഇടതുമുന്നണി വോട്ട് ബിജെപിയിലേക്ക് പോയെന്നും സിപിഐ.

സിപിഎം വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ സിപിഐയെ പ്രചാരണങ്ങളില്‍ കൂടെ കൂട്ടിയില്ലെന്നും റിപ്പോർട്ടില്‍ കുറ്റപ്പെടുത്തുന്നു. കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഘടകക്ഷികളുമായി ആലോചിക്കാനോ നടപ്പിലാക്കാനോ സിപിഎം തയാറായിരുന്നില്ല. പാലായില്‍ ജോസ് കെ മാണിയുടെയും കടുത്തുരുത്തിലെ കേരള കോണ്‍ഗ്രസ് മാണിയുടെയും സ്ഥാനാര്‍ഥികളുടെ പരാജയം വ്യക്തിപരമായിരുന്നുവെന്നും സിപിഐ റിപ്പോർട്ടില്‍ പറയുന്നു.