‘മത്സ്യത്തൊഴിലാളികളുടെ സമരം ന്യായം’: വിഴിഞ്ഞം സമരത്തില്‍ മുഖ്യമന്ത്രിയെ തള്ളി സിപിഐ; ജില്ലാ സമ്മേളനത്തില്‍ പ്രമേയം

Jaihind Webdesk
Thursday, August 25, 2022

തൃശൂര്‍: വിഴിഞ്ഞം സമരത്തില്‍ മുഖ്യമന്ത്രിയെ തള്ളി സിപിഐ. മത്സ്യത്തൊഴിലാളികളുടെ സമരത്തെ അനുകൂലിച്ച് തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. മത്സ്യത്തൊഴിലാളി സമരം ആസൂത്രിതമാണെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പൂര്‍ണ്ണമായും തള്ളുന്നതാണ് പ്രമേയം.

മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. വികസന പദ്ധതികളുടെ പേരില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. പ്രതികൂല കാലവസ്ഥ മൂലം തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണ് മത്സ്യമേഖലയിലുള്ളത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ പാക്കേജ് ആവശ്യമാണെന്നും പ്രമേയം ആവശ്യപ്പെട്ടു.

കേരളത്തിലെ തീരദേശം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.