
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂർ ജില്ലയിലെ നാട്ടിക മണ്ഡലത്തിൽ സിപിഐയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. നിലവിലെ എംഎൽഎ സി.സി. മുകുന്ദൻ, പാർട്ടി നേതൃത്വത്തിനെതിരെ ‘പേയ്മെന്റ് സീറ്റ്’ ആരോപണവുമായി പരസ്യമായി രംഗത്തെത്തിയതോടെ പോര് മുറുകി. മോശം പ്രകടനം നടത്തിയ ഗീത ഗോപിയെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നത് ശരിയല്ലെന്നും, അവർക്ക് പണം പിരിച്ചു നൽകാനുള്ള കഴിവുണ്ടെന്നുമുള്ള മുകുന്ദന്റെ ഗുരുതര ആരോപണം പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്.
പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും താൻ മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് സി.സി. മുകുന്ദൻ. സിപിഐയിലെ വിഭാഗീയത കാരണമാണ് തന്നെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാനാണ് മുകുന്ദന്റെ നീക്കം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ തൃശൂരിൽ വാർത്താസമ്മേളനം വിളിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
മുമ്പ് രണ്ടുതവണ നാട്ടികയെ പ്രതിനിധീകരിച്ച വ്യക്തിയാണ് ഗീത ഗോപി. കഴിഞ്ഞ തവണ ഗീതയെ മാറ്റി മുകുന്ദനെ സ്ഥാനാർത്ഥിയാക്കാൻ ചരടുവലിച്ച നേതാക്കൾ തന്നെ ഇപ്പോൾ തനിക്കെതിരെ നീങ്ങുകയാണെന്ന് മുകുന്ദൻ ആരോപിക്കുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള ഈ തർക്കം മണ്ഡലത്തിൽ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വിജയസാധ്യതകളെ ബാധിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.