മണ്ഡലത്തിന്‍റെ മനസറിഞ്ഞില്ല, പ്രചാരണം പാളി; തൃക്കാക്കരയില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ

Jaihind Webdesk
Thursday, June 9, 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പ്രചാരണ രീതിയിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ. മണ്ഡലത്തിന്‍റെ സ്വഭാവം നോക്കാതെ വൻ പ്രചാരണം നടത്തിയതിലാണ് സിപിഐ അതൃപ്തി പ്രകടിപ്പിച്ചത്. സിപിഐ പാർട്ടി സംസ്ഥാന നിർവാഹക സമിതിയിലാണ് പ്രചാരണ രീതിയെപ്പറ്റി വിമർശനമുയർന്നത്. ഇടതുവിരുദ്ധവോട്ടുകള്‍ സ്വന്തമാക്കാന്‍ യുഡിഎഫിന് സാധിച്ചത് തോൽവിയുടെ ആക്കം കൂട്ടി. മണ്ഡലത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വോട്ടുകൾ പോലും ലഭിച്ചില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. തൃക്കാക്കരയിലെ തോൽവിയെക്കുറിച്ച് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വവും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ‘ജനവിധിയാണ് വലുത് എന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് തോൽവി നൽകുന്ന പാഠം’ എന്നു പറഞ്ഞ മുതിർന്ന സിപിഐ നേതാവ് തന്‍റെ പ്രസ്താവന ഒളിയമ്പല്ലെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേറ്റ വമ്പൻ പരാജയത്തിന്‍റെ കാരണങ്ങൾ കണ്ടെത്താൻ സിപിഎമ്മും ശ്രമിക്കുന്നുണ്ട്. സംസ്ഥാന നേതാക്കളിൽ ഭൂരിഭാഗവും മണ്ഡലത്തിലെത്തിയിട്ടും ജില്ലയിലെ പ്രമുഖ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നതിലുള്ള അതൃപ്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വമുണ്ടായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. സ്ഥാനാർത്ഥിയെ നിർണയിക്കുന്നത് മുതൽ ജില്ലാ നേതാക്കളും ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളും രണ്ട് തട്ടിലായിരുന്നുവെന്നും സംസ്ഥാന നേതൃത്വത്തിന് മുന്നിൽ പരാതിയെത്തിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് നിശ്ചയിച്ച സ്ഥാനാർത്ഥിയെ മാറ്റി പുതിയ ആളെ കൊണ്ടുവരാൻ ജില്ലയിൽ നിന്നുള്ള എട്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ശ്രമിച്ചെന്ന ആരോപണവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ആദ്യപടിയായ വോട്ടർ പട്ടികയിൽ പേര് ചേർക്കലിൽ തന്നെ വലിയ പരാജയം സംഭവിച്ചെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. പുതിയ വോട്ടർമാരെ ചേർക്കാനേ സാധിച്ചില്ല. പുതിയ വോട്ടർമാരെ ചേർക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ബ്രാഞ്ച്, ലോക്കൽ സെക്രട്ടിമാർക്ക് പ്രത്യേക സർക്കുലർ നൽകിയെങ്കിലും ഒട്ടും മുന്നോട്ട് നീങ്ങിയില്ല. ബൂത്ത് തലത്തിലുള്ള വോട്ടിംഗ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സംസ്ഥാന നേതൃത്വത്തിന് ജില്ലാ സെക്രട്ടറിയേറ്റ് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നുണ്ട്. കഴിഞ്ഞ തവണ മണ്ഡലത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സികെ മണിശങ്കറിനെതിരെയും മറ്റ് നേതാക്കൾക്കെതിരെയും നടപടിയെടുത്തിരുന്നു. ഇത്തവണത്തെ വലിയ പരാജയത്തിന്‍റെ പേരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടെ ഇരുപതോളം നേതാക്കൾക്കെതിരെ നടപടിയുണ്ടായേക്കും