ആഡംബരത്തിനും ധൂർത്തിനും സംസ്ഥാന സർക്കാരിന് കുറവില്ല; മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞു, സിപിഐ യോഗത്തിൽ വിമർശനം

Jaihind Webdesk
Saturday, February 10, 2024

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. സംസ്ഥാന ബജറ്റിലെ അവഗണനയിലാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനമുയർന്നത്. സപ്ലൈക്കോയെ തീര്‍ത്തും അവഗണിച്ചു. പാര്‍ട്ടി നയങ്ങളോട് ഭിന്ന നയമെന്നും വിമര്‍ശനം ഉയര്‍ന്നു. വിമര്‍ശനം കടുത്തതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ടു.  തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നും പുറത്ത് പോകരുതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

ഭക്ഷ്യവകുപ്പിന് ബജറ്റിൽ തുക അനുവദിക്കാത്തതിൽ ആണ് പ്രധാനമായും വിമർശനമുയർന്നത്. വിദേശ സർവകലാശാല വിഷയത്തിലും മുഖ്യമന്ത്രിക്കെതിരെ സി പി ഐ സംസ്ഥാന കൗൺസിലിൽ വിമർശനം ഉയർന്നു.  മുൻ എം എൽ എയും ഭക്ഷ്യമന്ത്രിയുടെ ഭാര്യയും കൂടിയായ സി പി ഐ നേതാവ് ആർ ലതാ ദേവി, മുഖ്യമന്ത്രിക്കെതിരെ കടുത്ത പരിഹാസമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്നായിരുന്നു പരിഹാസം. ആഡംബരത്തിനും ധൂർത്തിനും സംസ്ഥാന സർക്കാരിന് കുറവില്ലെന്നും വിമർശിച്ചു.