‘മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പോലീസ് ചെയ്യുന്ന കാര്യങ്ങള്‍ സർക്കാരിനാകെ നാണക്കേടുണ്ടാക്കുന്നു’; ആഭ്യന്തരവകുപ്പിന് വിമർശനവുമായി സിപിഐ

Jaihind Webdesk
Monday, September 12, 2022

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പോലീസ് ചെയ്യുന്ന കാര്യങ്ങൾ സർക്കാരിനാകെ നാണക്കേടുണ്ടാക്കുന്നുവെന്ന് നേതാക്കൾ വിമർശനം ഉന്നയിച്ചു. സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രീയ റിപ്പോർട്ടിന്‍റെ രൂപീകരണ ചർച്ചയ്ക്ക് ഇടയിലാണ് ഈ വിമർശനം ഉയർന്നത്. രണ്ടാം പിണറായി സർക്കാരിൽ ഭരണത്തെ സിപിഎം ഹൈജാക്ക് ചെയ്യുന്ന നിലയുണ്ടെന്നും സംസ്ഥാന കൗൺസിലിൽ ആക്ഷേപമുയർന്നു.

എൽഡിഎഫിന് ഇടതുപക്ഷസ്വഭാവം നേടാനായിട്ടില്ലെന്നും സിപിഐയുടെ കരട് രാഷ്ട്രീയറിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ. മലപ്പുറത്ത് നടന്ന സിപിഐയുടെ കഴിഞ്ഞ സംസ്ഥാനസമ്മേളനത്തിൽ മുന്നണി സംവിധാനത്തിന്‍റെ ഇടതുപക്ഷസ്വഭാവം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് നിർദേശിച്ചിരുന്നു. മുന്നണി എങ്ങനെ പ്രവർത്തിക്കണമെന്നതും സമ്മേളനം നിശ്ചയിച്ചതാണ്. എന്നാൽ ഇത് ലക്ഷ്യത്തിലെത്തിയില്ലെന്നും കരട് റിപ്പോർട്ട് സ്വയംവിമർശനം നടത്തുന്നു. കേന്ദ്ര സർക്കാരിനെപ്പോലും നാണിപ്പിക്കുന്ന വിധത്തിൽ ചില നയവ്യതിയാനങ്ങൾ സർക്കാരിന് സംഭവിക്കുന്നുണ്ടെന്ന് ചർച്ചയിൽ വിമർശനമുയർന്നു. മാവോവാദി വേട്ട പോലുള്ളവ ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരം കാര്യങ്ങളിൽ തുറന്നെതിർക്കാനുള്ള രാഷ്ട്രീയ ഉത്തരവാദിത്വം സിപിഐ ഏറ്റെടുക്കേണ്ടതുണ്ടെന്നും യോഗത്തിൽ അംഗങ്ങൾ പറഞ്ഞു. സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ടിന്‍റെ കരട് സംസ്ഥാന കൗൺസിൽ ചർച്ചചെയ്ത് അംഗീകരിച്ചു.