സർക്കാരിന്‍റെ പ്രവർത്തനം പോരെന്ന് സിപിഐ സമ്മേളനം; സിപിഎമ്മിനും എസ്എഫ്ഐക്കും വിമർശനം

Jaihind Webdesk
Thursday, August 18, 2022

 

കൊല്ലം: സിപിഐ കൊല്ലം ജില്ലാ സമ്മേളന റിപ്പോർട്ടിൽ സിപിഎമ്മിനും എസ്എഫ്ഐക്കും ഗണേഷ് കുമാറിന്‍റെ കേരള കോൺഗ്രസ് ബിക്കുമെതിരെ നിശിത വിമർശനങ്ങൾ. സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങള്‍ പോരെന്നും റിപ്പോർട്ടിലുണ്ട്. ജില്ലയിൽ ഏറെ നാളായി നില നിൽക്കുന്ന കടുത്ത വിഭാഗീയതയ്ക്കും ചേരിതിരിവിനും നടുവിലാണ് സിപിഐ കൊല്ലം ജില്ലാ സമ്മേളനം തുടരുന്നത്.

സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി മുല്ലക്കര രത്നാകരൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് സിപിഎമ്മിനും എസ്എഫ്ഐക്കും കേരള കോൺഗ്രസ് ബി ക്കും എതിരെ വിമർശന ശരങ്ങൾ ഉയർന്നിരിക്കുന്നത്. സഹകരണ മേഖലയിൽ ഇടത് കാഴ്ചപ്പാടിന് നിരക്കാത്ത പ്രവണതകളാണ് സിപിഎം നടത്തുന്നതെന്നും ഇവർ സഹകരണ മേഖല കയ്യടക്കുകയാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സിപിഎം തന്നിഷ്ടപ്രകാരം സഹകരണ മേഖല കൈകാര്യം ചെയ്യുകയാണെന്നും ഈ അപ്രമാദിത്വത്തിനെതിരെ ശക്തമായ നിലപാട് വേണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

എസ്എഫ്ഐക്ക് എതിരെയും രൂക്ഷമായ വിമർശനങ്ങളാണ് റിപ്പോർട്ടിലുള്ളത്. ക്യാമ്പസുകളിൽ കെഎസ്‌യുവും എബിവിപിയും നേട്ടമുണ്ടാക്കിയാലും എഐഎസ്എഫ് നേട്ടമുണ്ടാകാൻ പാടില്ലെന്നാണ് എസ്എഫ്ഐ സ്വീകരിക്കുന്ന നിലപാട്. എസ്എഫ്ഐക്കാരുടെ മർദ്ദനം നേരിട്ടാണ് എഐഎസ്എഫ് ക്യാമ്പസുകളിൽ പ്രവർത്തിക്കുന്നതെന്നും സമ്മേളന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിപിഐയുമായി ഇടഞ്ഞു നിൽക്കുന്ന കേരള കോൺഗ്രസ് ബിക്കും ഗണേഷ് കുമാറിനും എതിരെ വിമർശനങ്ങളും ഒളിയമ്പുകളും സമ്മേളന റിപ്പോർട്ടിലുണ്ട്. കേരള കോൺഗ്രസ് ബിയ്ക്ക് കൊല്ലം ജില്ലയിൽ കാര്യമായ സ്വാധീനമില്ലെന്ന് പ്രവർത്തന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്കെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലയിൽ നിലനിൽക്കുന്ന കടുത്തവിഭാഗീയതയ്ക്കും ചേരിതിരിവിനും നടുവിലാണ് സിപിഐ കൊല്ലം ജില്ലാ സമ്മേളന ചർച്ചകൾ പുരോഗമിക്കുന്നത്.