രാഷ്ട്രീയത്തില്‍ വർഗീയത കൊണ്ടുവരുന്നത് നിക്ഷിപ്ത താത്പര്യക്കാർ ; വിജയരാഘവനെ തള്ളി സിപിഐയും

Jaihind News Bureau
Tuesday, February 2, 2021

 

തിരുവനന്തപുരം : പാണക്കാട് പ്രസ്താവനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ തള്ളി സിപിഐ. രാഷ്ട്രീയത്തില്‍ വര്‍ഗീയത കൊണ്ടുവരുന്നത് നിക്ഷിപ്ത താത്പര്യക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പരാമര്‍ശത്തില്‍ വിജയരാഘവനെ തിരുത്തി സിപിഎമ്മും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാഗ്രത വേണമെന്ന് സിപിഎം സെക്രട്ടേറിയറ്റ് ഓര്‍മ്മപ്പെടുത്തി.

ലീഗിന്റെ പ്രവര്‍ത്തനം മതാധിഷ്ഠിതമല്ലെന്നും അതൊരു രാഷ്ട്രീയ കക്ഷിയാണെന്നും  അധ്യക്ഷനുമായി സഖ്യകക്ഷിയായ കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയതിനെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ പാടില്ലായിരുന്നുവെന്ന വിലയിരുത്തലാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. മത-സാമുദായിക ഐക്യത്തിന്റെ ഈറ്റില്ലമായ പാണക്കാട് കുടുംബത്തിനെതിരെയും വര്‍ഗീയ പരാമര്‍ശം നടത്തേണ്ടതില്ലായിരുന്നുവെന്നും അത് തിരിച്ചടിയാകുമെന്നുമുള്ള വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്.

കഴിഞ്ഞ 27ന് നടന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷമായിരുന്നു വിജയരാഘവന്‍റെ പ്രതികരണം. ”മതാധിഷ്ഠിത രാഷ്ട്രീയ ശക്തികളുമായി കൂട്ടുകെട്ട് വിപുലീകരിക്കുക എന്ന നിലയിലേക്ക് യു.ഡി.എഫും കോണ്‍ഗ്രസ് നേതൃത്വവും ചുരുങ്ങിപ്പോയി” എന്നതായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. ഇതിനു പുറമേ ജമാഅത്തെ ഇസ്ലാമിയുമായി ലീഗിനെ കൂട്ടിക്കെട്ടാനും വിജയരാഘവന്‍ ശ്രമിച്ചിരുന്നു.