കടുപ്പിച്ച് സിപിഐ; ഡിവൈഎഫ്ഐയുടേത് ഗുണ്ടാരാജ്; അക്രമത്തെ നേതൃത്വം അപലപിക്കാത്തത് സമൂഹത്തിനുള്ള അപായസൂചനയെന്നും വിമര്‍ശനം

Jaihind Webdesk
Tuesday, January 25, 2022

 

സിപിഎമ്മിനും ഡിവൈഎഫ്ഐക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. ഡിവൈഎഫ്ഐയുടേത് ഗുണ്ടാരാജെന്ന് സിപിഐ തുറന്നടിച്ചു. മുഖപത്രമായ ജനയുഗത്തിലൂടെയാണ് സിപിഐയുടെ വിമർശനം.

പത്തനംതിട്ട അങ്ങാടിക്കല്‍ സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ഗുണ്ടാസംഘങ്ങളുടെ ക്രിമിനല്‍ രീതിയ‌ാണെന്നും ഡിവൈഎഫ്ഐ ഗുണ്ടാസംഘങ്ങള്‍ക്ക് പാളയം ഒരുക്കുന്നുവെന്നും ലേഖനം വിമർശിക്കുന്നു. അക്രമത്തെ നേതൃത്വം അപലപിക്കാത്തത് സമൂഹത്തിനുള്ള അപായസൂചനയാണെന്നും മുഖപത്രം പറയുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിലെ ഘടകകക്ഷികളും അവയുടെ ബഹുജന മുന്നണികളും ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളം ആകാന്‍ പാടില്ല. ഇത്തരം അക്രമങ്ങള്‍ സര്‍ക്കാരിനെ ഒറ്റപ്പെടുത്താനേ ഉപകരിക്കൂ എന്നും സിപിഐ മുഖപത്രം പറയുന്നു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുനല്‍കാന്‍ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അവിഭാജ്യ ഘടകമായ ഒരു സംഘടനയുടെ പേരില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ മുന്നണിയെയും അത് നേതൃത്വം നൽകുന്ന സര്‍ക്കാരിനെയും പ്രതികൂട്ടിലാക്കുമെന്ന് ലേഖനം വിമർശിക്കുന്നു.