‘ജനറല്‍ സെക്രട്ടറിയായാലും പാര്‍ട്ടി മാനദണ്ഡങ്ങള്‍ അനുസരിക്കണം’ ; രാജയ്‌ക്കെതിരെ കാനം

Jaihind Webdesk
Saturday, September 11, 2021

തിരുവനന്തപുരം : ഡി.രാജയ്‌ക്കെതിരായ സംസ്ഥാന കൗണ്‍സിലിലെ വിമര്‍ശനം സ്ഥിരീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനത്തെ കാര്യം പറയുമ്പോള്‍ സംസ്ഥാന ഘടകത്തിന്റെ അനുവാദം വാങ്ങണം. യുപിയിലെ പൊലീസല്ല കേരളത്തിലേത്. ഡി.രാജയ്ക്ക് അതറിയില്ല. ജനറല്‍ സെക്രട്ടറിയായാലും പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ അനുസരിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

കേരള പൊലീസിനെതിരായ വിമര്‍ശനത്തില്‍ സിപിെഎ ദേശീയ നിര്‍വാഹക സമിതി അംഗം ആനി രാജയെ ന്യായീകരിച്ചതിന് ഡി രാജയ്ക്കെതിരെ സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനം ഉയർന്നിരുന്നു. പ്രസ്താവന തെറ്റെന്ന് ദേശീയ എക്സിക്യൂട്ടീവ് വിലയിരുത്തിയിട്ടും ആനി രാജയെ ന്യായീരിച്ചതിനായിരുന്നു  വിമര്‍ശനം.

പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായാല്‍ യുപിയിലായാലും കേരളത്തിലായാലും ചോദ്യമുയരും. പൊലീസ് ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുകയും ഇരകള്‍ക്ക് നീതി ഉറപ്പാക്കുകയും വേണമെന്നതാണ് സിപിഐ നയം എന്നുമായിരുന്നു രാജയുടെ പ്രതികരണം.

കേരള പൊലീസില്‍ ‘ആര്‍.എസ്.എസ് ഗ്യാങ് ‘ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുവെന്നായിരുന്നു ആനി രാജയുടെ ആരോപണം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസില്‍ നിന്നും ഉണ്ടാകുന്നുണ്ടെന്നും ആനി രാജ വിമര്‍ശിച്ചിരുന്നു.