നിയമനങ്ങള്‍ എല്ലാം സുതാര്യമായിരിക്കണം; സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ വിമര്‍ശനവുമായി സിപിഐ

Jaihind News Bureau
Sunday, July 12, 2020

തിരുവനന്തപുരം: സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ. എല്ലാ സര്‍ക്കാര്‍ നിയമനങ്ങളും സുതാര്യമാകണമെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി സത്യന്‍ മൊകേരി മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന നിയമനങ്ങള്‍ എല്ലാം സുതാര്യമായിരിക്കണം. നിയമനങ്ങള്‍ കണ്‍സള്‍ട്ടിങ് കമ്പനികളെ ഏല്‍പ്പിക്കുന്നത് ശരിയായ നടപടിയായി കാണാന്‍ കഴിയില്ല. കണ്‍സള്‍ട്ടിങ് ഏജന്‍സികള്‍ വഴി അനധികൃതമായി പലരും കടന്നുവരുന്നു. ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ തീരുമാനമാണ് സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ ഉണ്ടായത്. ഇടതുപക്ഷ മുന്നണിക്കോ ഗവണ്‍മെന്‍റിനോ, വീഴ്ചകള്‍ വരുന്നുണ്ടോ എന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കണമെന്നും സത്യൻ മൊകേരി ലേഖനത്തില്‍ കുറിച്ചു.