കൊവിഷീല്‍ഡ് വാക്സിന്‍ ഇടവേള കുറച്ച ഉത്തരവിന് സ്റ്റേയില്ല; വിശദമായ വാദം കേൾക്കല്‍ വ്യാഴാഴ്ച

കൊച്ചി : കൊവിഷീൽഡ് വാക്‌സിൻ ഇടവേള 28 ദിവസമായി കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

വാക്‌സിന്‍റെ ഇടവേള 84 ദിവസത്തിൽ നിന്ന് 28 ദിവസമായി കുറച്ച ഉത്തരവിനെതിരെയായിരുന്നു കേന്ദ്ര സർക്കാരിന്‍റെ ഹർജി. കിറ്റെക്‌സ് കമ്പനിയുടെ ഹർജിയിൽ പുറപ്പെടുവിച്ച സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്‍റെ ആവശ്യം. കിറ്റെക്‌സിലെ തൊഴിലാളികൾ ആദ്യഡോസ് വാക്‌സിൻ എടുത്ത് 84 ദിവസം കഴിഞ്ഞതായും ഈ സാഹചര്യത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് കേന്ദ്ര സർക്കാർ നടപ്പാക്കാത്തതിനാൽ ഈ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

തൊഴിലാളികളുടെ വാക്‌സിനേഷൻ വിശദാംശങ്ങൾ സമർപ്പിക്കാൻ കിറ്റക്‌സിന് ഹൈക്കോടതി നിർദ്ദേശം നൽകി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ കേന്ദ്ര സർക്കാരിന്‍റെ അപ്പീലിൽ വ്യാഴാഴ്ച വിശദമായി വാദം കേൾക്കും.

Comments (0)
Add Comment