‘കൈയ്യടി നൽകിയിട്ടുമാത്രം കാര്യമില്ല, സുരക്ഷാ ഉപകരണങ്ങൾ കൂടി നൽകൂ’; പ്രധാനമന്ത്രിയോട് ആരോഗ്യപ്രവർത്തകർ

Jaihind News Bureau
Tuesday, March 24, 2020

ന്യൂഡൽഹി: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ടവർക്ക് ആവശ്യത്തിന് മുൻകരുതലുകളില്ലെന്ന് പരാതി. മുഴുവൻ സമയ പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് എൻ 95 മാസ്‌കുകളോ സ്യൂട്ടുകളോ ഇല്ലെന്ന് ട്വിറ്ററിലൂടെ പ്രവഹിക്കുന്ന പരാതികളിൽ പറയുന്നു. ട്വീറ്റുകളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിനെയും ടാഗ് ചെയ്തിട്ടുണ്ട്.

ഡോക്ടർമാരും നഴ്‌സുമാരും ടെക്‌നീഷ്യന്മാരും ഇത്തരം ദുരിതങ്ങൾ അനുഭവിക്കുന്നുണ്ടെന്നും എന്നാൽ അവർക്ക് ഇക്കാര്യം പുറത്തുപറയാൻ കഴിയില്ലെന്നും ട്വീറ്റിൽ പറയുന്നു. പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് മുഖം മറച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ചിത്രങ്ങളും ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.

ലോകമഹായുദ്ധത്തിന്‍റെ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി തന്ന വ്യക്തമാക്കിയതാണ്. എന്നാൽ യുദ്ധമുഖത്തേക്ക് പോരാളികളായ ആരോഗ്യപ്രവർത്തകരെ ആയുധമില്ലാതെയാണോ പറഞ്ഞയക്കുന്നതെന്നും ട്വീറ്റിൽ ചോദിക്കുന്നു.