തൃശൂരിൽ കോവിഡ് സംശയിച്ച് ഡോക്ടറേയും ഭാര്യയേയും ഫ്ലാറ്റിനുള്ളിൽ പൂട്ടിയിട്ടു

Jaihind News Bureau
Monday, March 16, 2020

തൃശൂര്‍: തൃശൂര്‍ മുണ്ടുപാലത്ത് കോവിഡ് സംശയിച്ച് ഫ്ലാറ്റിനുള്ളിൽ ഡോക്ടറെയും ഭാര്യയെയും പൂട്ടിയിട്ടു. സംഭവത്തിൽ ഫ്ലാറ്റിലെ താമസക്കാരുടെ അസോസിയേഷൻ ഭാരവാഹികളെ പോലീസ് അറസ്റ്റ് ചെയ്തു. സൗദിയിൽ ഡോക്ടറായ മകനെ സന്ദർശിച്ച് തിരികെ മുണ്ടുപാലത്തെ ഫ്ലാറ്റിൽ എത്തിയ ഇവരെ അസോസിയേഷൻ ഭാരവാഹികൾ പൂട്ടിയിടുകയായിരുന്നു. ഇവർക്ക് കോവിഡ് ബാധയുള്ളതായി സംശയിച്ചായിരുന്നു നടപടി. മുറിക്ക് പുറത്ത് കൊറോണ എന്ന ബോർഡും സ്ഥാപിച്ചു. മുറിക്കുള്ളിൽ കുടുങ്ങിയ ഡോക്ടറും ഭാര്യയും പോലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി  മോചിപ്പിക്കുകയായിരുന്നു. അതേസമയം ഡോക്ടർക്കും ഭാര്യക്കും കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.