Breaking News | കൊറോണ ആശങ്ക : ഗവര്‍മെന്റ് ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് അബുദാബിയും ദുബായിയും : സ്വകാര്യ മേഖലയിലും മാറ്റങ്ങള്‍ക്ക് സാധ്യത ?

ദുബായ് : കൊറോണ ആശങ്കകളുടെ പശ്ചാത്തലത്തില്‍ യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ ഗവണ്‍മെന്‍റ് ജീവനക്കാരുടെ ജോലി,  ‘റിമോട്ട് വര്‍ക്ക്’ എന്ന ആധുനിക സംവിധാനത്തിലേക്ക് മാറ്റാന്‍ തീരുമാനമായി. അബുദാബി ഗവണ്‍മെന്‍റ് മീഡിയാ ഓഫീസ് മാര്‍ച്ച് 12 ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്. ഇതനുസരിച്ച്, ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്ക് ഇനി ഓഫീസുകള്‍ക്ക് പുറത്തോ, വീട്ടിലോ ഇരുന്ന് ജോലി ചെയ്യാന്‍ നിയമം അനുവദിക്കും.

ഇതിനായി നൂതന സാങ്കേതിക സംവിധാനത്തിലൂടെ, ഗവണ്‍മെന്‍റ് സേവനങ്ങള്‍ക്ക് സുഗമവും കാര്യക്ഷമതയും ഉറപ്പാക്കുന്ന സേവനം നല്‍കും.  കൊറോണ വൈറസ് വിഷയത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ച പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം. ആദ്യഘട്ടത്തില്‍ വിവിധ വകുപ്പുകളിലെ മുതിര്‍ന്ന പൗരന്മാര്‍ക്കാണ് മുന്‍ഗണന.  കൂടാതെ, വീടുകളില്‍ രോഗികള്‍ ഉള്ളവര്‍ക്കും ശ്വാസകോശ ലക്ഷണങ്ങള്‍ അനുഭവിക്കുന്ന ജീവനക്കാര്‍ക്കും പ്രഥമ പരിഗണന നല്‍കും. ഇപ്രകാരം, അബുദാബിയില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം വഴി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതിലൂടെ ഗവണ്‍മെന്‍റ് സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, കൊറോണ ആശങ്ക ഇനിയും തുടര്‍ന്നാല്‍ രാജ്യത്തെ സ്വകാര്യ മേഖലയിലും റിമോട്ട് വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്താന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും.

എന്താണ് ‘റിമോട്ട് വര്‍ക്ക്’ സംവിധാനം ?

ഒരു പരമ്പരാഗത ഓഫീസ് സംവിധാനത്തിന് പുറത്ത് പ്രൊഫഷണലുകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന പ്രവര്‍ത്തന രീതിയാണ് റിമോട്ട് വര്‍ക്ക് എന്ന് വിളിക്കുന്നത്. ഒരു നിയുക്ത ഡെസ്‌കില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനായി ഓരോ ദിവസവും ഒരേ ഓഫീസിലേക്ക് യാത്ര ചെയ്യുന്നതിനു പകരം ജീവനക്കാര്‍ക്ക് വിദൂര സ്ഥലത്തോ വീട്ടിലോ ഇരുന്ന് അവരുടെ പ്രോജക്റ്റുകള്‍ നടപ്പിലാക്കാന്‍ അവസരം നല്‍കുന്ന സംവിധാനം.  കൊറോണ ആശങ്കകളുടെ പശ്ചാത്തലത്തില്‍ നിരവധി വിദേശ രാജ്യങ്ങളില്‍ ഈ റിമോട്ട് വര്‍ക്ക് പ്രാബല്യത്തിലാണ്.

Comments (0)
Add Comment