കൊവിഡ് : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും കൊവിഡ് മാനദണ്ഡങ്ങളും കാറ്റിൽപറത്തി സംസ്ഥാന ജി.എസ്.ടി ജോയിൻ്റ് കമ്മീഷണറുടെ ഓഫീസിന് കീഴിലുള്ള കളമശ്ശേരി ഓഫീസിൽ ഉദ്യോഗാർത്ഥികളുടെ അഭിമുഖം. കൊവിഡ് ഏറ്റവും ഗുരുതരമായി പിടികൂടിയ എറണാകുളത്താണ് അഭിമുഖം മാറ്റമില്ലാതെ നടത്താൻ അധികൃതർ തീരുമാനിച്ചതെന്നതും ഗൗരവകരമാണ്.
പാർട്ട് ടൈം സ്വീപ്പർ നിയമനങ്ങൾക്കുള്ള അഭിമുഖമാണ് ഓഫീസില്‍ നടക്കുന്നത്. ഏപ്രിൽ 13നാണ് ഇൻ്റർവ്യൂവിനുള്ള കത്ത് ഉദ്യോഗാർത്ഥികൾക്ക് ജിഎസ്ടി – ജോയൻ്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും അയച്ചത്. എന്നാൽ അതിനു ശേഷമുള്ള ദിവസങ്ങളിൽ കൊവിഡ് വ്യാപനം ജില്ലയിൽ രൂക്ഷമായി. സർക്കാർ മീറ്റിങ്ങുകളടക്കം ഓൺലൈനിലേക്ക് മാറി. ഇതിനിടെയാണ് പാർട്ട് ടൈം സ്വീപ്പർമാരുടെ ഇൻ്റർവ്യു മാറ്റമില്ലാതെ നടത്താനുള്ള അധികൃതരുടെ തീരുമാനം.
എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ആളുകളുടെ ലിസ്റ്റിൽ നിന്നാണ് അഭിമുഖം നടത്തി നിയമനം നടത്തേണ്ടത്. ഈ ലിസ്റ്റിലുള്ള ഭൂരിഭാഗം ആളുകളും ശാരീക വൈകല്യമുള്ളവരും ഭിന്നശേഷിക്കാരുമാണ്. അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കേണ്ട ശാരീരിക വൈകല്യവും, ഭിന്നശേഷിക്കാരുമായ ഭൂരിഭാഗം ഉദ്യോഗാർത്ഥികളും ഇതോടെ ബുദ്ധിമുട്ടിലായി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ തിടുക്കപ്പെട്ട് നിയമനം നടത്താനുള്ള നീക്കം പട്ടികയിലുള്ള നിലവിലെ ഭരണക്കാരുടെ ആശ്രിതരെ തിരുകികയറ്റാനാണെന്നും ആക്ഷേപമുണ്ട്. ഈ തസ്തികയിലേക്ക് ഒഴിവുണ്ടെങ്കിൽ താൽക്കാലികമായി കുടുംബശ്രീ മുഖേന ദിവസവേതന അടിസ്ഥാനത്തിൽ ആളെ നിയമിക്കാം എന്നിരിക്കെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളും കൊവിഡ് മാനദണ്ഡങ്ങളും കാറ്റിൽപറത്തി തിരക്കിട്ട് അഭിമുഖം നടത്തി ആളെ നിയമിക്കാനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് പ്രതികരിച്ചു.