കൊവിഡ് വാക്സിന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ; കണ്ണൂർ കളക്ടറുടെ ഉത്തരവ് വിവാദത്തിൽ

Jaihind Webdesk
Sunday, July 25, 2021

കണ്ണൂർ :  ജില്ലയിൽ കൊവിഡ് വാക്സിനെടുക്കാൻ ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയ ജില്ലാ കളക്ടറുടെ ഉത്തരവ് വിവാദത്തിൽ. കൊവിഡ് വാക്സിനെടുക്കാൻ ഈ മാസം 28 മുതൽ 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് നിർബന്ധമാക്കിയത്. രോഗസ്ഥിരീകരണ നിരക്കായ ടെസ്റ്റ് പോസിറ്റിവിറ്റി കുറയ്ക്കുന്നതിന് വേണ്ടിയാണ് വാക്സിൻ എടുക്കുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതെന്ന് വിമർശനം.

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ജൂലായ് 28 മുതൽ കൊവിഡ് വാക്സിൻ എടുക്കുന്നവർക്ക് 72 മണിക്കൂറിന് ഉള്ളിലുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ ജില്ല കളക്ടർ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. കണ്ണുർ ജില്ലയിലെ വാണിജ്യ മേഖലകളും വിവിധ തൊഴിൽ രംഗങ്ങളും കൊവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കുന്നതിനാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതെന്നാണ് ജില്ലാ കളക്ടർ പറയുന്നത്. എന്നാൽ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കുറക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു വിചിത്രമായ തീരുമാനമെന്ന വിമർശനമാണ് ഉയരുന്നത്.

സ്വകാര്യ ആശുപത്രികളിൽ കൊവിഡ് വാക്സിൻ എടുക്കാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ആർടി പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതോടെ ആളുകൾ വാക്സിൻ എടുക്കാൻ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന അവസ്ഥയാണ് ഉണ്ടാവുക.

വാക്സിനെടുക്കുന്നവർക്ക് ആർടിപിസിആർ പരിശോധന നടത്തുന്നത് പ്രായോഗികമല്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഇവരുമായോ ജനപ്രതിനിധികളുമായോ കൂടിആലോചിക്കാതെയാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന വിമർശനവും ഉയരുന്നുണ്ട്.