കൗമാരക്കാർക്ക് കൊവിഡ് വാക്സിന്‍; ജനുവരി 1 മുതല്‍ രജിസ്ട്രേഷന്‍; രണ്ട് വാക്സിനുകളില്‍ നിന്ന് തെരഞ്ഞെടുക്കാം

Jaihind Webdesk
Monday, December 27, 2021

 

ന്യൂഡല്‍ഹി : 15 വയസിനും 18 നും ഇടയിലുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും. വിദ്യാര്‍ത്ഥി തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചും രജിസ്‌ട്രേഷന്‍ ചെയ്യാനാകും. ജനുവരി 3 മുതലാണ് വാക്‌സിന്‍ നല്‍കി തുടങ്ങുക.

കൗമാരക്കാര്‍ക്കായി രണ്ട് വാക്സിനുകളാണ് ലഭ്യമാക്കുക.  കോവാക്സിന്‍, സൈക്കോവ് ഡി എന്നീ വാക്സിനുകളില്‍ നിന്ന് തെരഞ്ഞെടുക്കാം.  2007 അടിസ്ഥാന വര്‍ഷമായി കണക്കാക്കിയാണ് പ്രായപരിധി തീരുമാനിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഐഡി ഉള്‍പ്പെടെ 10 രേഖകള്‍ ഉപയോഗിക്കാം. കൗമാരക്കാരില്‍ ചിലര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. കോവിന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലിന്‍റെ മേധാവിയായ ഡോ. ആര്‍എസ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

15 നും 18 നും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.  ജനുവരി 10 മുതല്‍ കൊവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസിന് മുകളിലുള്ള രോഗികള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് 39 ആഴ്ച കഴിഞ്ഞ് കരുതല്‍ ഡോസ് സ്വീകരിക്കാം. കരുതല്‍ ഡോസിന് യോഗ്യരായവര്‍ക്ക് എസ്എംഎസ് വഴി അറിയിപ്പ് നല്‍കും.