രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം 16 മുതല്‍ : സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍ ; ഗർഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിനേഷന്‍ ഇല്ല

Jaihind News Bureau
Sunday, January 10, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് ഗർഭിണികളായ ആരോഗ്യ പ്രവർത്തകർക്കും മുലയൂട്ടുന്ന അമ്മമാർക്കും കൊവിഡിനെതിരായ വാക്സിൻ നൽകേണ്ടതില്ലെന്ന് തീരുമാനം. കൊവിഡ് ലക്ഷണമുള്ളവർക്കും നിലവിൽ വാക്സിൻ നൽകേണ്ടതില്ലെന്നാണ് ധാരണയായിട്ടുള്ളത്.

ആദ്യഘട്ട വാക്സിൻ വിതരണം തുടങ്ങാനിരിക്കെയാണ് ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും വാക്സിനേഷനിൽ നിന്ന് ഒഴിവാക്കി നിർണായക തീരുമാനം സർക്കാർ എടുത്തിട്ടുള്ളത്. കൊവിഡിനെതിരായ വാക്സിൻ ഗർഭിണികളിൽ എങ്ങനെ പ്രവർത്തിക്കുമെന്ന പഠനങ്ങൾ കൃത്യമായി നടന്നിട്ടില്ല. ഇതിനു പുറമേ ഗർഭകാലത്ത് മറ്റ് വാക്സിനുകൾ സാധാരണയായി നൽകാറില്ലെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. അതേസമയം കൊവിഡ് രോഗ ലക്ഷണമുള്ളവരെയും വാക്സിൻ സ്വീകരിക്കുന്നതിൽ നിന്നും ഒഴിവാക്കും. രോഗ ബാധിതരായവർക്കും വാക്സിൻ നൽകില്ല. രോഗമുക്തി നേടി നാലാഴ്ചയ്ക്ക് ശേഷമാവും ഇവർക്ക് വാക്സിൻ നൽകുക.

വാക്സിൻ വിതരണത്തിനായി സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് സജ്ജമായിട്ടുള്ളത്. ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കുമായിരിക്കും സംസ്ഥാനത്ത് ആദ്യം വാക്സിൻ ലഭ്യമാവുക. 3 ലക്ഷത്തി 54,000 പേരാണ് ആദ്യഘട്ടത്തിൽ വാക്സിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്കാവും വാക്സിൻ നൽകുക . ഇതു പ്രകാരം ഒരു ദിവസം 13,300 പേർക്ക് സംസ്ഥാനത്ത് വാക്സിൻ ലഭ്യമാവും.

ജനുവരി 16 മുതലാണ് രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുക. 30 കോടി പേര്‍ക്കാണ് ഇത്തരത്തില്‍ വാക്‌സിന്‍ ലഭിക്കുക.